കൊല്ലം: ഓണത്തിന്റെ അവസാന വട്ട ഒരുക്കങ്ങൾക്കായി നാടും നഗരവും ഇന്ന് ഉത്രാട പാച്ചിലിലേക്ക്. ഓണ നാളുകളിൽ മാന്ദ്യം മറികടന്ന് വിപണി മുന്നേറിയെങ്കിലും മുൻ വർഷങ്ങളിലേത് പോലെയുള്ള തള്ളിക്കയറ്റം ഉണ്ടായില്ലെന്നാണ് പൊതു വിലയിരുത്തൽ.
അതിനാൽ ഉത്രാട ദിനത്തിൽ കൂടുതൽ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനായി പരമാവധ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുകയാണ് വിപണിയിലെ മിക്ക സ്ഥാപനങ്ങളും. പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ, പായസ കിറ്റ്, ഉപ്പേരി, ശർക്കര വരട്ടി തുടങ്ങി ഓണമൊരുങ്ങാൻ വേണ്ടതെല്ലാം നിശ്ചിത വിലയിൽ വീട്ടിലെത്തിച്ച് നൽകാനും സ്ഥാപനങ്ങൾ തയ്യാറായി.
കൊവിഡ് കാലത്ത് വിപണിയിലെ തിരക്കിലേക്ക് ഇറങ്ങാൻ ഭയന്നവർക്ക് ഇത്തരം ഹോം ഡെലിവറി സംവിധാനങ്ങൾ ഗുണകരമായി. സ്ഥാപനത്തിന്റെ വാട്ട്സ് ആപ്പ് നമ്പരിലേക്ക് ആവശ്യമായ സാധനങ്ങളുടെ പട്ടിക അയച്ച് നവൽകിയാൽ രണ്ട് മണിക്കൂറിനുള്ളിൽ വീട്ടിലെത്തിക്കും. ഓണത്തിന്റെ തിരക്കിനിടയിലും ഉപഭോക്താക്കളെ പിടിച്ചുനിറുത്താൻ പുതിയ സാദ്ധ്യതകളെല്ലാം വിപണി പരീക്ഷിച്ചു. ഗൃഹോപകരണ മേളകൾ, വസ്ത്രശാലകൾ, പഴം - പച്ചക്കറി വിപണന കേന്ദ്രങ്ങൾ, വഴിയോര വിപണി എന്നിവിടങ്ങളിലെല്ലാം ഇന്ന് തിരക്ക് ഉയരാനുള്ള സാദ്ധ്യത പരിഗണിച്ച് പൊലീസ് നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്.
ചിരട്ട തവി, മുറം, മൺകലം, മൺ ചട്ടി എന്നിവ വിൽക്കുന്ന വഴിയോര വിൽപ്പന കേന്ദ്രങ്ങളിലും ആവശ്യക്കാരെത്തുന്നുണ്ട്.
സദ്യ വിളമ്പാൻ കാറ്ററിംഗ് യൂണിറ്റ്
വിപണിയിലെ തിരക്കിൽ സാധനങ്ങൾ വാങ്ങി വീട്ടിൽ സദ്യയൊരുക്കാൻ കഴിയാതെ പോയവർക്ക് ഓണ സദ്യ വിളമ്പാൻ ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും സജ്ജമായി. ഏറെ കാലമായി പ്രതിസന്ധിയിൽ നിന്ന കാറ്ററിംഗ് യൂണിറ്റുകളിൽ പലർക്കും ഓണ സദ്യയുടെ ഓർഡറുകൾ ലഭിച്ചിട്ടുണ്ട്. 200 മുതൽ 300 രൂപ വരെയാണ് ഓണസദ്യയ്ക്ക് ഈടാക്കുന്ന ശരാശരി വില. വാഴയിലയും കുടിവെള്ളവും ഉൾപ്പെടെ ഈ വിലയിൽ വീട്ടിലെത്തും. ഇലയിട്ട് കൈകഴുകി വിളമ്പി കഴിച്ചാൽ മതിയാകും.
വാഴയിലയ്ക്കും ഡിമാൻഡ്
ഓണ സദ്യ വിളമ്പാൻ തൊടിയിലൊരു വാഴയില ഇല്ലാത്തത് പലർക്കും പ്രതിസന്ധിയാണ്. തമിഴ്നാട്ടിൽ നിന്ന് മുൻ വർഷങ്ങളിൽ ഓണ വിപണിയിലേക്ക് വാഴ ഇല വൻ തോതിൽ എത്തിയിരുന്നു. ഇത്തവണ നാട്ടിലെ വാഴയിൽ നിന്ന് മുറിച്ചെടുത്ത ഇലകളും വിപണിയിലുണ്ട്. വാഴയില ഒന്നിന് അഞ്ച് മുതൽ പത്ത് രൂപ വരെയാണ് വീട്ടിൽ നൽകുമ്പോൾ ഈടാക്കുന്നത്.