vrg

കൊല്ലം: ഓണം കെങ്കേമമാക്കാൻ ജനങ്ങൾ കൂട്ടത്തോടെ വിപണിയിലേക്ക് ഇറങ്ങിയപ്പോൾ പച്ചക്കറി വില റോക്കറ്റ് പോലെ കുതിച്ചുയരുന്നു. ഒരുമാസത്തോളമായി കാര്യമായ കയറ്റിറങ്ങളില്ലാതെ നിന്ന പല പച്ചക്കറി ഇനങ്ങളുടെയും വില രണ്ട് ദിവസത്തിനുള്ളിലാണ് കുതിച്ചുയർന്നത്.

സാധാരണ എല്ലാവർഷവും ഓണത്തിന് ഒരുമാസം മുൻപേ വില ഉയരുന്നതാണ്. ജനങ്ങൾ കാര്യമായി പുറത്തിറങ്ങാത്തതിനാൽ മാസങ്ങളായി പച്ചക്കറി വിപണി അല്പം മന്ദതയിലാണ്. ഓണസദ്യയ്ക്കുള്ള വിഭവങ്ങൾ വാങ്ങാൻ ജനങ്ങളിറങ്ങിയതോടെയാണ് വില ഉയർന്ന് തുടങ്ങിയത്. ഒട്ടുമിക്ക പച്ചക്കറി കടകളിലും ഇന്നലെ മുതൽ വലിയ തിരക്കാണ്. ഓണക്കച്ചവടം മുന്നിൽ കണ്ട് തമിഴ്നാട്ടിൽ വില ഉയർത്തിയെന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ കച്ചവടക്കാർ കൊള്ളലാഭം കൊയ്യുന്നതായും സൂചനയുണ്ട്.

പ്രാദേശിക ഉല്പാദനം ഓണവിപണയിൽ കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ലെന്നാണ് വെണ്ടയ്ക്ക, പയർ, പച്ചമുളക് തുടങ്ങിയ ഇനങ്ങളുടെ വിലവർദ്ധനവ് വ്യക്തമാക്കുന്നത്. ഒരു കിലോ വെണ്ടയ്ക്കയ്ക്ക് ഒരാഴ്ച മുൻപ് 24 രൂപയായിരുന്നു. വെള്ളിയാഴ്ച വില 60 ആയി ഉയർന്നു. ഇന്നലെ 70 ആയി. ഒരാഴ്ച മുൻപ് കിലോയ്ക്ക് നാല്പത് ആയിരുന്ന വള്ളിപ്പയറിന് (തമിഴ്നാട്) ഇന്നലെ 60 ആയി. കച്ചവടം കൂടുതൽ കൊഴുക്കുന്ന ഇന്ന് വില അല്പം കൂടി ഉയരാനാണ് സാദ്ധ്യത.

ഇനം, ഒരാഴ്ച മുൻപുള്ള വില, ഇപ്പോഴത്തെ വില

വെണ്ടയ്ക്ക, 24, 70

വഴുതന, 40, 40

തക്കാളി 38, 50

ഉരുളൻ കിഴങ്ങ്, 40, 48

പച്ചമുളക്, 40, 48

കാരറ്റ്, 75, 76

ബീറ്റ്റൂട്ട്, 32, 34

അമരയ്ക്ക, 28, 44

ബീൻസ് 80, 90

മുരിങ്ങക്ക, 50, 60