poo

ഒരു വർഷത്തെ കാത്തിരിപ്പ് സഫലമാകുന്ന, മാവേലിത്തമ്പുരാൻ നാടുകാണാനെത്തുന്ന തിരുവോണം നാളെയാണ്. ഒപ്പം അവതാര മഹിമപേറി വാമനമൂർത്തിയും ആദരിക്കപ്പെടും. ഉത്രാടപ്പാച്ചിലിനിടെ എല്ലാം ഒരുക്കിവയ്ക്കണം. ഓടിനടന്നൊരുക്കുന്നതും വാങ്ങിക്കൂട്ടുന്നതുമാണ് ഉത്രാട പാച്ചിലെന്ന് പുകഴ്‌പെറ്റത്.
വിളക്ക് കത്തിച്ച് കഴിഞ്ഞാൽ പിന്നെ യാതൊന്നും ഓണത്തിനൊരുക്കരുതെന്നാണ് വിശ്വാസം. സായം സന്ധ്യയ്ക്കുമുൻപ് തിരുവോണ സദ്യയ്ക്കുള്ള ഇലപോലും വെട്ടിവയ്ക്കണമെന്നാണ് പഴമക്കാർ പറയാറ്. നെയ് മുതൽ പുതുവസ്ത്രങ്ങൾ വരെ വീട്ടിലെത്തിയാൽ പൂർണമായും പിന്നെ ഓണമാണ്. ഒന്നാം ഓണമായ ഉത്രാടത്തിന് വൈകിട്ട് മൺചെരാതുകൾ തെളിക്കുന്ന ചടങ്ങുണ്ട്. ഓണാട്ടുകരയിൽ പൂരാടത്തിനും ഉത്രാടത്തിനും തൃക്കാർത്തിക പോലെ വിളക്ക് കത്തിച്ച് വയ്ക്കാറുണ്ട്. ആ വിളക്കുകൾ താനെ അണയുന്നതല്ലാതെ ആരും കെടുത്താറില്ല. പൂജാ മുറിയിൽ കത്തിക്കുന്ന വിളക്ക് തിരുവോണ സന്ധ്യ കഴിഞ്ഞേ അണയ്ക്കാവൂ എന്നാണ് വിശ്വാസം.
വിളക്ക് കത്തിച്ച് കഴിഞ്ഞുള്ള പടുക്ക വയ്ക്കലാണ് ഉത്രാടനാളിലെ പ്രധാന ചടങ്ങ്. തൂശനിലയിട്ട് അതിൽ ഉമിക്കരി, ഈർക്കിൽ, വെറ്റ, പാക്ക്, പഴം, ശർക്കര, നെയ്യ്, അവിൽ, നാളികേരം എന്നിവയെല്ലാം ചേർത്ത് വയ്ക്കും. തിരുവോണ നാളിൽ സദ്യയ്ക്ക് മുൻപ് മാത്രമെ അത് മാറ്റൂ. ഇതു കഴിഞ്ഞാണ് ഉപ്പേരി വറക്കാൻ എല്ലാരും കൂടി അടുക്കളയിൽ കയറുക. എത്ര രോഗമുള്ളവരും ഓണനാളിൽ എല്ലാം മറന്ന് വയറുനിറയ്ക്കുമെന്നാണ് പറയുക. എപ്പോഴും സന്തോഷത്തോടെയിരിക്കാൻ എല്ലാവരും കാണിക്കുന്ന സഹനമാണ് ഉത്രാടത്തിന്റെ മറ്റൊരു സന്ദേശം. ഉത്രാട രാത്രിയിൽ നിലാവുണ്ടാവുമെന്നാണ് വിശ്വാസം. ഈനിലാവിൽ ഭൂമിയാകെ വിളക്കുവച്ചപോലെ കാണാനാകുമെന്നാണ് വിശ്വാസം.
ഉത്രാടത്തിനുറങ്ങുന്നത് പോലും വളരെ വൈകിയാവും. അപ്പോഴും ജോലി കഴിഞ്ഞിട്ടുണ്ടാവില്ല. ചിലയിടത്ത് രാത്രി കിടക്കും മുൻപ് നിലവിളക്ക് കത്തിച്ചുവയ്ക്കാറുണ്ട്. അത് പുലരുവോണം നിറഞ്ഞ് കത്തും.
തിരുവോണത്തിന് പലേടത്തും നെയ് വിളക്കാണ് തെളിയിക്കുക. അതിന് പറ്റാത്തവർ കൊടിവിളക്കിൽ അൽപം നെയ്യ് എടുത്ത് അതിൽ തിരികത്തിച്ച ശേഷം ആ തിരിയിൽ നിന്ന് നിലവിളക്കിലേയ്ക്ക് തീ പടരുകയാണ് ചെയ്യുന്നത്.