dc

കൊല്ലം: ഭൂരിഭാഗം തൊഴിലാളികളും ജീവനക്കാരും ബോണസും ഫെസ്റ്റിവൽ അലവൻസും വാങ്ങി ഓണം കെങ്കേമമാക്കുമ്പോൾ നഗരസഭയിലെ സെക്യൂരിറ്റി ജീവനക്കാർക്ക് പട്ടിണി ഓണം. ബോണസ് കിട്ടിയില്ലെന്ന് മാത്രമല്ല ഈ മാസത്തെ ശമ്പളം രണ്ട് ദിവസം മുൻപ് നൽകാൻ പോലും നഗരസഭ തയ്യാറായില്ലെന്ന് ജീവനക്കാർ പറയുന്നു. സുരക്ഷാ ജീവനക്കാരെ നൽകുന്നതിന് തിരുവനന്തപുരത്തെ സ്വകാര്യ ഏജൻസിയുമായാണ് നഗരസഭ കരാർ ഒപ്പിട്ടിരിക്കുന്നത്. ഒരു സുരക്ഷാ ജീവനക്കാരന് 9600 രൂപ നൽകണമെന്നാണ് കരാർ. എന്നാൽ 8000 മുതൽ 8500 രൂപ വരെ മാത്രമാണ് സ്വകാര്യ ഏജൻസി ശമ്പളമായി നൽകുന്നത്. കഴിഞ്ഞമാസത്തെ ശമ്പളം ഇന്നലെയാണ് ലഭിച്ചത്. നഗരസഭയിലെ 40 സുരക്ഷാ ജീവനക്കാർക്കും 250നും 275നും ഇടയിലാണ് ദിവസശമ്പളം. ഇവരിൽ പത്തിൽ താഴെ ആളുകൾ മാത്രമാണ് എക്സ് സർവീസുകാർ. ബാക്കിയെല്ലാവരും പ്രായമേറിയവരും മറ്റ് വരുമാനങ്ങൾ ഇല്ലാത്തവരുമാണ്.