കൊല്ലം: ഓണത്തെ വരവേൽക്കാൻ കൊല്ലം നഗരം ഒരുങ്ങിക്കഴിഞ്ഞു. അതിജീവനത്തിന്റെ സന്ദേശമാണ് ഓണം പകർന്നു നൽകുന്നതെന്ന് ഓർമ്മപ്പെടുത്തി കൊവിഡിനൊപ്പം ജീവിക്കാൻ ജനങ്ങൾ പഠിച്ചതിന്റെ ഉദാഹരണമാണ് ഇത്തവണത്തെ ഒാണം. കെട്ടകാലത്തിന്റെ മാന്ദ്യത്തെ കഠിനാദ്ധ്വാനത്തിലൂടെ മറികടക്കാനൊരുങ്ങുകയാണ് വിപണി. വഴിയോരക്കച്ചവടക്കാർ മുതൽ ഹൈപ്പർ മാർക്കറ്റുകളിൽ വരെ അത് പ്രകടമാണ്. വസ്ത്ര വ്യാപാര ശാലകളും ഗൃഹോപകരണ മേളകളുമെല്ലാം സജീവമായതോടെ നഗരം ഒാണത്തിരക്കിലായി. കൊവിഡിനൊപ്പം ഒാണം ആഘോഷിക്കുമ്പോൾ എല്ലാവരും സ്വയം നിയന്ത്രണം പാലിക്കേണ്ടിവരും. ഇത്തവണ നിറമിത്തിരി മങ്ങിയെങ്കിലും അതിജീവനത്തിന്റെ കരുത്തായി നമുക്ക് ഓണത്തെ ചേർത്തു പിടിക്കാം.
പരിശോധനയ്ക്ക്
പ്രത്യേക സ്ക്വാഡ്
ഓണത്തിരക്കിൽ ജനങ്ങൾ കൊവിഡ് നിർദ്ദേശം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ സംയുക്ത പരിശോധന ശക്തമാക്കും. ഇതിന് പുറമേ ആർ.ഡി.ഒമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിട്ടുണ്ട്.
ഓർമ്മയിലുണ്ടാകണം
1. വ്യാപാരശാലകളിൽ പത്ത് ചതുരശ്ര മീറ്ററിൽ മൂന്ന് ഉപഭോക്താക്കൾ എന്ന നിലയിലാണ് പ്രവേശനം
2. പൊതു മാർക്കറ്റിൽ ശാരീരിക അകലം പാലിക്കണം
3. ഷോപ്പിംഗ് മാളുകളിൽ അകലം പാലിച്ചേ ആളുകളെ പ്രവേശിപ്പിക്കാവൂ
4. വ്യാപാര സ്ഥാപനങ്ങളിൽ പരമാവധി കാഷ്ലെസ് രീതിയിൽ ക്രയവിക്രയം നടത്തണം
5. ഹോട്ടലുകളിലും ലോഡ്ജുകളിലും അണുനശീകരണം നടത്തിയ ശേഷമേ പ്രവേശിക്കാവൂ
6. സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഓണസദ്യക്കായുള്ള തിരക്ക് ഒഴിവാക്കണം
കൊവിഡ് മാനദണ്ഡം പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും
ബി.അബ്ദുൽ നാസർ
ജില്ലാ കളക്ടർ