സ്ത്രീകളാണ് കെട്ടിടനിർമ്മാണത്തിന്റെ ചുമതല നിർവഹിക്കുന്നത്
ഓച്ചിറ: കാടുവെട്ടിത്തെളിക്കലും, കൃഷിയും, തെങ്ങിന് തടമെടുപ്പും മാത്രമല്ല കെട്ടിട നിർമ്മാണവും തങ്ങൾക്ക് വഴങ്ങുമെന്ന് തെളിയിക്കുകയാണ് ഓച്ചിറ ഗ്രാമപഞ്ചായത്ത് മഠത്തിൽക്കാരാണ്മ 8-ാം വാർഡിലെ ഒരു കൂട്ടം തൊഴിലുറപ്പ് തൊഴിലാളികൾ. പഴയ അങ്കണവാടി കെട്ടിടം കാലപ്പഴക്കത്തിൽ ജീർണാവസ്ഥയിലായതിനെ തുടർന്നാണ് തൊഴിലുറപ്പ് തൊഴിലാളികളുടെ കരുത്തിൽ അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നത്.
പുതിയ അങ്കണവാടി
തൊഴിലുറപ്പ് പദ്ധതി, തദ്ദേശഭരണ വകുപ്പ്, ശിശുക്ഷേമ വകുപ്പ് എന്നിവയുടെ സംയുക്ത ഫണ്ട് ഉപയോഗിച്ചാണ് പഠനമുറി, അടുക്കള, ശുചിമുറി, സ്റ്റോർ റും, വരാന്ത എന്നിവ അടങ്ങിയ പുതിയ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുന്നത്. വാനം എടുത്തത് മുതൽ കട്ട, മെറ്റൽ, ചുമട് എടുക്കുന്നതിനും, ചാന്ത് കൂട്ടുന്നതും, കട്ട കെട്ടുന്നതിനും എല്ലാം ഇവരൊറ്റക്കെട്ട്. 369 തൊഴിൽ ദിനങ്ങളാണ് കെട്ടിട നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്. ഒരു ലക്ഷത്തിൽ പരം രൂപയാണ് തൊഴിലുറപ്പ് തൊഴിലാളികൾക്ക് വേതനമായി നൽകുന്നത്. നാടിന് ഒരു പുതിയ അങ്കണവാടി എന്ന സ്വപ്നം പൂവണിയുമ്പോൾ അതിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും തൊഴിലുറപ്പു തൊഴിലാളികൾ പറഞ്ഞു.
11 ലക്ഷത്തിന് മുകളിൽ ചിലവ്
രഞ്ജിനി, ലളിത, സിനി,സീത, ലീല, എന്നിവർ ഇവർക്ക് നേതൃത്വം നൽകുന്നു. പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ്, ഹ്ലോക്ക് പഞ്ചായംഗം എൻ.കൃഷ്ണകുമാർ, വാർഡ് മെമ്പർ മാളു സതീഷ് ഓച്ചിറ ബി.ഡി.ഒ. ആർ. അജയകുർ, ബ്ലോക്ക് ഏ.എക്സ്.ഇ. മനോജ്, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ, ആതിര, അഷർ, ഡെൻസി, സിനി, ആശ കോൺട്രാക്ടർ ബിജു കളരിക്കൽ എന്നിവർ മേൽനോട്ടം വഹിച്ചുകൊണ്ട് ഇവർക്ക് പിന്തുണയായുമുണ്ട്. വർഷങ്ങൾക്കു മുൻപ് തീപ്പുര മുഹമ്മദ് കുഞ്ഞ് സംഭാവന ചെയ്ത സ്ഥലത്താണ് പുതിയ അങ്കണവാടി കെട്ടിടം 11 ലക്ഷത്തി എഴുപതിനായിരം രൂപ വിനിയോഗിച്ച് നിർമ്മിക്കുന്നത്. കൂടാതെ ചുറ്റുമതിൽ നിർമ്മിക്കുവാനും, തറയോട് പാകുന്നതിനുമായി ഏഴു ലക്ഷത്തോളം രൂപയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച് ടെണ്ടർ നടപടി കഴിഞ്ഞിട്ടുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഉടൻതന്നെ അങ്കണവാടി നാടിന് സമർപ്പിക്കുമെന്ന് വാർഡ് മാളു സതിഷ് പറഞ്ഞു.