gopika

കൊട്ടാരക്കര: എം.സി റോഡിൽ വയയ്ക്കൽ ആനാട് കാറും ആട്ടോറിക്ഷയും കൂട്ടിയിടിച്ച് അമ്മൂമ്മയും കൊച്ചുമകളും അടക്കം മൂന്നുപേർ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ തേവന്നൂർ ചരുവിളപുത്തൻ വീട്ടിൽ രഞ്ജിത്ത് (35), യാത്രക്കാരായ വണ്ടിപ്പുര ആലാച്ചമല പുതിയിടം ഗോപവിലാസത്തിൽ രമാദേവി (65), കൊച്ചുമകൾ ഗോപിക (7) എന്നിവരാണ് മരിച്ചത്. കമ്പംകോട് എൽ.പി സ്‌കൂൾ വിദ്യാർത്ഥിനിയാണ് ഗോപിക. അച്ഛൻ ഗോപുകുമാർ വിദേശത്താണ്.

ഗോപികയുടെ അമ്മ ഉദയയെ (30) തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടിക്കാട് സ്വദേശി അഹമ്മദലി (29), ഭാര്യ അഹിയ എന്നിവരാണ് കാറിലുണ്ടായിരുന്നത്. അസീസിയ മെഡിക്കൽ കോളേജിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ. പൊലിക്കോട് നിന്ന് വയയ്ക്കലേക്ക് വരികയായിരുന്ന ആട്ടോറിക്ഷയിൽ എതിർ ദിശയിൽനിന്നുവന്ന കാർ ഇടിക്കുകയായിരുന്നു.

മറിഞ്ഞ ആട്ടോയുടെ അടിയിൽ പെട്ടാണ് മൂന്നുപേരും മരിച്ചത്. പൊലിക്കോടുള്ള കടയിൽനിന്ന് ഓണ സാധനങ്ങൾ വാങ്ങി മടങ്ങുകയായിരുന്നു കുടുംബം. നാട്ടുകാരാണ് രക്ഷാ പ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.