kit

കൊല്ലം: വിതരണം വൈകിയത് മൂലം ജില്ലയിൽ 1, 40, 034 പേർക്ക് സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് കിട്ടിയില്ല. ഇന്നലെ അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്ക് ഒരുമിച്ച് വിതരണം നിശ്ചയിച്ചത് റേഷൻ കടകളിൽ വലിയ തിരക്കിന് ഇടയാക്കി. ജില്ലയിൽ 7,51,051 റേഷൻ കാർഡ് ഉടമകളാണുള്ളത്. ഇതിൽ ഇന്നലെ ഉച്ച വരെയുള്ള കണക്കനുസരിച്ച് 6, 11, 017 പേർ മാത്രമാണ് സൗജന്യക്കിറ്റ് റേഷൻകടകളിൽ നിന്ന് വാങ്ങിയത്. സൗജന്യക്കിറ്റ് വിതരണത്തിനുള്ള പദ്ധതി തയ്യാറാക്കിയെങ്കിലും ആവശ്യമുള്ള ഇനങ്ങൾ കൃത്യസമയത്ത് സപ്ലൈകോ ഡിപ്പോകളിൽ എത്തിക്കാത്തതാണ് ഇത്രയധികം പേർക്ക് ഓണത്തിന് മുൻപ് സൗജന്യക്കിറ്റ് ലഭിക്കാത്ത അവസ്ഥ സൃഷ്ടിച്ചത്. ഈമാസം അഞ്ച് മുതൽ വിതരണം ആരംഭിക്കാനാണ് പദ്ധതി ആലോചിച്ചിരുന്നതെങ്കിലും പകുതിക്ക് ശേഷമാണ് കിറ്റുകൾ റേഷൻകടകളിൽ എത്തിച്ചത്.

വിലക്കയറ്റത്തെ പിടിച്ചുനിറുത്തിയത് ഒാണക്കിറ്റ്

കഴിഞ്ഞ ദിവസം വിതരണം ആരംഭിച്ച മുൻഗണനേതര സബ്സിഡി രഹിത വിഭാഗക്കാരാണ് ഏറ്റവും കൂടുതൽ കിറ്റ് വാങ്ങാനുള്ളത്. അടുത്തമാസവും കിറ്റ് വാങ്ങാൻ സമയം അനുവദിച്ചിട്ടുണ്ട്. സൗജന്യ ഒാണക്കിറ്റ് വിതരണം ഓണക്കാലത്തെ വിലക്കയറ്റത്തെ വലിയ അളവിൽ പിടിച്ചുനിറുത്തിയിട്ടുണ്ട്. ഓണസദ്യ ഒരുക്കാനായി വളരെക്കുറച്ച് പലവ്യഞ്ജനങ്ങൾ മാത്രമാണ് പൊതുവിപണിയിൽ നിന്ന് ആളുകൾക്ക് വാങ്ങേണ്ടി വന്നത്.

സൗജന്യ കിറ്റ് വിതരണം (ഇന്നലെ ഉച്ച വരെയുള്ള കണക്ക്)

വിഭാഗം, ആകെ കാർഡ് ഉടമകൾ, കൈപ്പറ്റിയവർ

എ.എ.വൈ, 48301, 46633

മുൻഗണന, 288087, 272667

മുൻഗണനേതര സബ്സിഡി, 205477, 177468

മുൻഗണനേതര സബ്സിഡി രഹിത, 209186, 114249

ജില്ലയിലെ റേഷൻ കാർഡ് ഉടമകൾ: 7,51,051

റേഷൻകടകളിൽ നിന്ന് സൗജന്യക്കിറ്റ് വാങ്ങിയത്: 6, 11, 017

(ഇന്നലെ ഉച്ച വരെയുള്ള കണക്ക്)