ശാസ്താംകോട്ട: മത്സ്യ വ്യാപാരിക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ച ആഞ്ഞിലിമൂട് മാർക്കറ്റ് തുറന്നെങ്കിലും ആളൊഴിഞ്ഞ സ്ഥിതിയാണ്. രാവിലെ ഒമ്പതു മുതൽ സജീവമാകുന്ന മാർക്കറ്റിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറിലധികം കച്ചവടക്കാർ ഉൾപ്പടെ മുമ്പ് ആയിരങ്ങൾ എത്തുമായിരുന്നു. എന്നാൽ ഉത്രാടം ദിവസമായ ഇന്നലെപോലും മാർക്കറ്റിൽ എത്തിയവരുടെ എണ്ണം വളരെ കുറവായിരുന്നു. വിവിധ തരം കടൽ, കായൽ മത്സ്യങ്ങളും ഇറച്ചിയുംമരച്ചീനിയുംപഴങ്ങളും പച്ചക്കറിയും നാടൻ തൈരും ഉണക്കമീനും പപ്പടവും ഉൾപ്പടെ എല്ലാ വിഭവങ്ങളും ലഭ്യമായ ആഞ്ഞിലിമൂട് മാർക്കറ്റ് എല്ലാ ദിവസവും പ്രവർത്തിക്കുന്ന കുന്നത്തൂർ താലൂക്കിലെ പ്രധാന മാർക്കറ്റാണ്. മത്സ്യ വ്യാപാരിയുമായുള്ള സമ്പർക്കത്തിലൂടെ നിരവധി പേർക്ക് കൊവിഡ് വ്യാപനമുണ്ടായതിന്റെ അടിസ്ഥാനത്തിൽ ജൂലായ് ആദ്യവാരം അടച്ച മാർക്കറ്റ് കർശനമായ നിയന്ത്രണങ്ങളോടെ കഴിഞ്ഞ ദിവസമാണ് തുറന്നത്. ആഴ്ചകളോളം മാർക്കറ്റ് അടഞ്ഞു കിടന്നതിനാൽ വ്യാപാരികളെല്ലാം മറ്റു കേന്ദ്രങ്ങളിലേക്ക് മാറുകയും ചെറുകിട കച്ചവടക്കാർ റോഡിന്റെ വശങ്ങളിൽ കച്ചവടം തുടങ്ങുകയും ചെയ്തതോടെ ആഞ്ഞിലിമൂട് മാർക്കറ്റ് വിജനമായി.