jala
പി.എസ്.സി മുഖേന നിയമനം കിട്ടാത്തതിൽ മനം നൊന്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലം കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് ജല പീരങ്കി പ്രയോഗിച്ചപ്പോൾ

കൊല്ലം: പി.എസ്.സി വഴി നിയമനം ലഭിക്കാത്തതിൽ മനംനൊന്ത് തിരുവനന്തപുരത്ത് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തത് സർക്കാരിന്റെ പിടിപ്പുകേട് മൂലമാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ജലപീരങ്കി പ്രയോഗത്തിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണയ്ക്ക് പരിക്കേറ്റു. കമ്മിഷണർ ഓഫീസിന് മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടഞ്ഞു. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ മുന്നോട്ട് പോകാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കി പ്രയോഗത്തിൽ പ്രതിഷേധിച്ച് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. ഇതും പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് അവസാനിച്ചത്. സംഘർഷങ്ങളെ തുടർന്ന് നഗരത്തിൽ ഒരു മണിക്കൂറിലേറെ ഗതാഗത തടസമുണ്ടായി. ജില്ലാ പ്രസിഡന്റ് ആർ. അരുൺരാജ്, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ആർ.എസ്. അബിൻ, ഫൈസൽ കുളപ്പാടം, സംസ്ഥാന സെക്രട്ടറിമാരായ വിഷ്‌ണു സുനിൽ പന്തളം, അഭിലാഷ് കുരുവിള തുടങ്ങിയവർ നേതൃത്വം നൽകി.

 ജലപീരങ്കിയേറ്റ് ബിന്ദു കൃഷ്‌ണയ്‌ക്ക് പരിക്ക്

യൂത്ത് കോൺഗ്രസ് സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യാൻ എത്തിയതായിരുന്നു ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ജലപീരങ്കിയിൽ നിന്നുള്ള ജലം ശക്തമായി വന്നടിച്ചത് ബിന്ദു കൃഷ്ണയുടെ ഇടത് ചെവിയിലാണ്. ഗുരുതര പരിക്കേറ്റതിനെ തുടർന്ന് വേദന സഹിക്കാനാകാതെ ബിന്ദു കൃഷ്‌ണ നിലത്തിരുന്നു. തുടർന്ന് പൊലീസ് ജീപ്പിലാണ് ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.