veg

 സർക്കാരിന്റെ കർശന പരിശോധനയും ഓണച്ചന്തകളും ഫലംകണ്ടു

കൊല്ലം: കൊവിഡ് മാന്ദ്യം മറികടന്ന ഓണവിപണിയിൽ വിലക്കയറ്റം പിടിച്ചു നിറുത്തിയത് സർക്കാരിന്റെ നിരന്തര പരിശോധനകൾ. സിവിൽ സപ്ലൈസ് വകുപ്പ് എല്ലാ താലൂക്കുകളിലും പ്രത്യേക സ്ക്വാഡിനെ രംഗത്തിറക്കിയാണ് പരിശോധന ഏകോപിപ്പിച്ചത്. ഗ്യാസ് ഔട്ട്‌ലെറ്റ്, പെട്രോൾ ബങ്ക്, സൂപ്പർമാർക്കറ്റ്, പലവ്യഞ്ജന​​-പഴം-പച്ചക്കറി കടകൾ,​ മത്സ്യം - ഇറച്ചി വില്പന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക സ്ക്വാഡ് തുടർച്ചയായി പരിശോധന നടത്തിയിരുന്നു. വില ഉയർത്തി വിൽക്കുന്നെന്ന് ബോദ്ധ്യപ്പെട്ട സ്ഥലങ്ങളിൽ വില കുറയ്ക്കാൻ കർശന നിർദ്ദേശം നൽകി. പച്ചക്കറി വിപണിയിലാണ് അമിത വില ഈടാക്കുന്നത് കൂടുതലും ശ്രദ്ധയിൽപ്പെട്ടത്. തിരക്ക് കൂടുന്നതിനനുസരിച്ച് പച്ചക്കറി വില ഉയർത്തിയ വ്യാപാരികൾക്കെതിരെ കർശന നടപടി സ്വീകരിച്ച് ജില്ലാ കളക്ടർക്ക് റിപ്പോർട്ടും നൽകി. സർക്കാർ നൽകിയ സൗജന്യ ഓണക്കിറ്റ് സാധാരണക്കാർക്ക് വലിയ ആശ്വാസമായി. ഇന്നലെയും വിപണി സജീവമായിരുന്നു.

ആശ്വാസമായി സർക്കാരിന്റെ ഓണച്ചന്തകൾ

സർക്കാരിന്റെ വിവിധ ഓണച്ചന്തകളാണ് പൊതു വിപണിയിലെ വിലക്കയറ്റത്തിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകിയത്.

പൊതുവിപണി വിലയിൽ നിന്ന് 30 ശതമാനം വരെ വിലക്കുറച്ച് പച്ചക്കറി നൽകാൻ ഹോർട്ടി കോർപ്പിന്റെയും വി.എഫ്.പി.സി.കെയുടെയും ഓണച്ചന്തകൾ തുറന്നു. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ജില്ലയിൽ 15 കേന്ദ്രങ്ങളാണ് പ്രവർത്തിപ്പിച്ചത്. പ്രാഥമിക സഹകരണ സംഘങ്ങളോട് അനുബന്ധിച്ച് സഹകരണ ഓണച്ചന്തകളും സജീവമായിരുന്നു. എല്ലാ നിത്യോപയോഗ സാധനങ്ങളും പച്ചക്കറികളും വിലക്കുറവിൽ സഹകരണ ഓണച്ചന്തകളിൽ ലഭ്യമാക്കി. എന്നാൽ സർക്കാരിന്റെ ഈ ജനകീയ പദ്ധതിയോട് സഹകരിക്കാതെ മുഖം തിരിഞ്ഞുനിന്ന സഹകരണ സ്ഥാപനങ്ങളും ജില്ലയിലുണ്ട്. കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സൂപ്പർ മാർക്കറ്റുകൾ, നീതി സ്റ്റോറുകൾ, മൊബൈൽ ത്രിവേണികൾ, സപ്ലൈകോയുടെ സൂപ്പർ മാർക്കറ്റുകൾ, മാവേലി സ്റ്റോറുകൾ എന്നിവയും സാധാരണക്കാർക്ക് വിലക്കുറവിന്റെ ആശ്വാസം നൽകി.

കർശന നടപടി

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊലീസ്,​ റവന്യൂ,​ തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ പരിശോധന ശക്തമാക്കിയിരുന്നു. ആർ.ഡി.ഒമാരുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡും രൂപീകരിച്ചിരുന്നു. മാസ്കില്ലാതെ പുറത്തിറങ്ങിയവർക്കെതിരെയും കൊവിഡ് മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയവർക്കെതിരെയും കർശന നടപടിയാണ് സ്വീകരിച്ചുവരുന്നത്.

ആഘോഷം വീടുകൾക്കുള്ളിൽ

അണു കുടുംബങ്ങളുടെ നാല് ചുവരുകൾക്കുള്ളിലാണ് ഇത്തവണത്തെ ഓണാഘോഷം. കുടുംബ സംഗമങ്ങൾ, റസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മകൾ, ക്ലബുകളുടെ കലാകായിക മത്സരങ്ങൾ തുടങ്ങി ഓണത്തിന്റേത് മാത്രമായിരുന്ന പ്രത്യേകകൾ എല്ലാം ഇത്തവണ മഹാമാരി കവർന്നു. യാത്രകൾ ഒഴിവാക്കി വീടുകൾക്കുള്ളിൽ തന്നെയാണ് ഇത്തവണത്തെ ഓണം. പുലികളിയും വാദ്യ മേളങ്ങളും ഉണ്ടാവില്ല.