കാത്തിരിപ്പിന് വിരാമമിട്ട് പൊൻചിങ്ങത്തിലെ തിരുവോണ ദിനത്തിലേക്ക് നാടും നാട്ടാരും ഉണർന്നു. ഇന്നാണ് ഓണനാളുകളിലെ ഏറ്റവും വലിയ പൂക്കളമൊരുങ്ങുക. രാവിലെ എട്ടുമണിക്ക് മുമ്പേ പൂക്കളം ഇടണമെന്നാണ് വിശ്വാസം. ഇതിനുശേഷം ഉത്രാടത്തിന് വയ്ക്കുന്ന പടുക്ക ഇളക്കും. ചെറിയ തോതിലേ തിരുവോണ ദിനത്തിൽ പ്രാതൽ കഴിക്കാറുള്ളൂ. കാരണം വർഷത്തിലെ ഏറ്റവും വലിയ സദ്യ കഴിക്കാൻ വയർ ഒഴിച്ചിടേണ്ടതുണ്ട്. ഉച്ചയാകുന്നതിന് മുമ്പേ സദ്യവട്ടങ്ങളുടെ എടുത്തുവയ്പ് തുടങ്ങും.
തെക്കൻ തിരുവിതാംകൂറിൽ മൂലയ്ക്ക് വിളമ്പ് എന്നൊരു ചടങ്ങുണ്ട്. ആദ്യം ഇലയിട്ട് ഈശ്വര സമർപ്പണമായി സദ്യ വിളമ്പും. രണ്ടാമത്തെ ഇല വീട്ടിലെ പിതൃസ്ഥാനീയർക്കും മൂന്നാമത്തേത് വീട്ടിൽ അവസാനം മരിച്ചവർക്കുമായി വിളമ്പും. തിരുവോണത്തിന് ഒരുക്കിയ എല്ലാ വിഭവങ്ങളും ഇലയിൽ ഉണ്ടാകും. മൂലയ്ക്ക് വിളമ്പ് കഴിഞ്ഞ് മുന്നിൽ വിളക്ക് കത്തിച്ചുവയ്ക്കും. വെള്ളവും വച്ച് മുറിയുടെ വാതിലടച്ച് എല്ലാവരും വീടിന് പുറത്തിറങ്ങി നിൽക്കും. പത്തോ പതിനഞ്ചോ മിനിട്ട് കഴിഞ്ഞ് വീട്ടിലെ മുതിർന്ന ആരെങ്കിലും വന്ന് വെള്ളം തളിച്ച് വിളക്ക് മാറ്റിവയ്ക്കും. അതേ ഇലയിലും ബാക്കിയുള്ളവർക്ക് ഇലയിട്ടും പീന്നീട് തിരുവോണ സദ്യ തുടങ്ങുകയായി.
ചിട്ടയായുണ്ണണം
തിരുവോണ സദ്യയ്ക്ക് ചില ചിട്ടവട്ടങ്ങളുണ്ട്. വെട്ടുന്ന ഭാഗം വലതുവശത്ത് വരത്തക്കവിധം തൂശനിലയിടണം. തൊടുകറികളും പപ്പടവും പഴവുമെല്ലാം വിളമ്പിക്കഴിഞ്ഞേ ചോറിടാവൂ. ആദ്യം പരിപ്പും ചോറും നെയ്യും ചേർത്ത് കഴിക്കും. പിന്നെ സാമ്പാറും കൂട്ടി ചോറ്. ഇലയിലെ കറികൾ ബാക്കിയാവാതെ നോക്കേണ്ടതുണ്ട്.
ഇലയിൽ ചോറും കറികളും തീർന്നാൽ പായസം. അത് അടയോ പാൽപ്പായസമോ എന്തുമാവാം. പഴം ചേർത്ത് പായസവും കഴിച്ചുകഴിഞ്ഞാലും സദ്യ തീരില്ല. പിന്നെ പുളിശേരി ചേർത്ത് ചോറ് കഴിക്കണം. പിന്നാലെ അൽപം പച്ചമോരും രസവും കൂടി. അതോടെ സദ്യ പൂർണമാവും. രസം കുടിക്കുന്നത് ദഹനപ്രക്രിയയെ സുഗമമാക്കുന്നതിനാണ്.
സദ്യയുണ്ണുമ്പോൾ അവിടെ മാവേലി ഉണ്ടാകുമെന്നാണ് വിശ്വാസം. സദ്യ കഴിഞ്ഞാൽ അയൽക്കാരും ബന്ധുക്കളുമൊക്കെ ചേർന്ന് പലതരം വിനോദങ്ങളിൽ ഏർപ്പെടുന്ന പതിവ് പണ്ടുകാലങ്ങളിൽ ഉണ്ടായിരുന്നു.