ശാസ്താംകോട്ട: ശ്രീ ധർമ്മ ശാസ്‌താ ക്ഷേത്രത്തിൽ ഉത്രാടം ദിന വാനര സദ്യ നടന്നു. തൂശനിലയിൽ പച്ചടിയും കിച്ചടിയും അവിയലും തോരനും അച്ചാറും തുടങ്ങി തൊടുകറികൾ വിളമ്പി തുടങ്ങുമ്പോൾ തന്നെ വാനരൻമാർ ഓരോരുത്തരായി വാനരഭോജനശാലയ്ക്ക് ചുറ്റും കൂടി. ചോറും പരിപ്പും പപ്പടവും പായസവും കൂടി ഇലയിൽ നിരന്ന് കഴിയുന്നതോടെ അക്ഷമരായി വിളമ്പുകാരെ നോക്കി ഭോജന ശാലയ്ക്ക് സമീപമുള്ള മരങ്ങളിൽ തിരക്ക് കൂടി. കൂട്ടത്തിലെ തല മുതിർന്നവർ ആദ്യമെത്തി ഭക്ഷണം രുചിച്ചു നോക്കിയ ശേഷം കുഴപ്പമില്ലെന്ന് അറിയിച്ചാൽ മാത്രമേ മറ്റുള്ളവരെത്തുമെന്ന പതിവുമുണ്ട്.ഇക്കുറിയും അതു തെറ്റിച്ചില്ല.കൂട്ടത്തിലെ മൂപ്പന്മാരായ സുലുവും രാജുവും പാച്ചുവുമെത്തി സദ്യ രുചിച്ചു നോക്കി.കുഴപ്പമില്ലെന്ന് ഇവർ തലയാട്ടിയതോടെ മറ്റുള്ളവർ കുതിച്ചെത്തി.എന്നാൽ മൂപ്പന്മാർ കുട്ടി കുരങ്ങുകളെ ആട്ടിയോടിക്കുന്നതും കാണാമായിരുന്നു.ഇവർക്കായി മറ്റൊരിടത്ത് സദ്യ വിളമ്പി നൽകി.പായസവും പഴവുമാണ് കൂടുതൽ പേർക്കും ഇഷ്ടമായത്. വാരിയെറിഞ്ഞും കലഹിച്ചും ആസ്വദിച്ചുമെല്ലാം സദ്യയുണ്ണാൻ അവർക്ക് രണ്ടു മണിക്കൂറോളം വേണ്ടിവന്നു. വാനരന്മാർ സദ്യയുണ്ണുന്നത് കാണാൻ ഭക്തരും ക്ഷേത്രത്തിൽ എത്തിയിരുന്നു.
ശാസ്താവിന് കൂട്ടായി
കാനനവാസം കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ശ്രീരാമൻ കൊടും കാടായിരുന്ന ശാസ്താംകോട്ടയിലെ ക്ഷേത്രം സന്ദർശിക്കുകയും തന്റെ കൂടെയുണ്ടായിരുന്ന വാനരന്മാരിൽ നിന്നു കുറച്ചു പേരെ ശാസ്താവിന് കൂട്ടായി നിർത്തിയെന്നും അവരുടെ പിൻതുടർച്ചക്കാരാണ് ഇപ്പോഴുള്ള വാനരന്മാരെന്നുമാണ് ഐതീഹ്യം. ശാസ്താംകോട്ടക്കാർക്ക് പ്രിയപ്പെട്ടവരാണ് ഇവിടുത്തെ വാനരൻമാർ. ഉത്രാട ദിവസത്തെ വാനര സദ്യ കഴിഞ്ഞ 35 വർഷത്തിന് മുകളിലായി നടത്തി വരുന്നത് എം.വി അരവിന്ദാക്ഷൻ നായരും തിരുവോണസദ്യ കന്നി മേലഴികത്ത് ജി.ബാലചന്ദ്രൻ പിള്ളയുമാണ്.
അമ്പലകുരങ്ങും ചന്തകുരങ്ങും
ഒരു ജീവിയെ രണ്ട് വിഭാഗമായി അറിയപ്പെടുന്നതും ഇവിടെയാണ് അമ്പലകുരങ്ങും ചന്തകുരങ്ങും. ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് പാലായനം ചെയ്യപ്പെട്ടവരാണ് ചന്തകുരങ്ങുകൾ. ഇവയുടെ എണ്ണം പെരുകിയത് പ്രദേശവാസികൾക്കും വ്യാപാരികൾക്കും, വലിയ ദുരിതമാണ് വരുത്തുന്നത്.ചന്തകുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നതിന് സ്ഥിരം സംവിധാനമുണ്ടാക്കണമെന്ന് ആവശ്യം ശക്തമാണെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.