uthradam
ഉത്രാട ദിനത്തിൽ സാധനങ്ങൾ വാങ്ങുന്നതിനായി നഗരത്തിലെത്തിയവർ

കൊല്ലം: കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും ഉത്രാടദിനമായ ഇന്നലെ നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ അനുഭവപ്പെട്ടത് പൂരത്തിരക്ക്. സന്ധ്യമയങ്ങിയതോടെ നഗരം ഗതാഗതക്കുരുക്കിലുമായി.

തിരുവോണ സദ്യയ്ക്കുള്ള വിഭവങ്ങൾ വാങ്ങാനായിരുന്നു ഭൂരിഭാഗം പേരും എത്തിയത്. ചിലർ ഓണക്കോടികൾ വാങ്ങാൻ കടകൾ കയറിയിറങ്ങി നടന്നു. തിരുവോണ ദിനത്തിലെ അത്തം ഗംഭീരമാക്കാനായി ആളുകളെത്തിയതോടെ പൂക്കടകളിലും പതിവിലേറെ തിരക്കായിരുന്നു ഇന്നലെ. വൻകിട വസ്ത്രശാലകളിലടക്കം തുടക്കത്തിൽ നിശ്ചിത എണ്ണം ഉപഭോക്താക്കളെ മാത്രമാണ് ഉള്ളിലേക്ക് കടത്തിവിട്ടുകൊണ്ടിരുന്നത്. ആളുകൾ ഇറങ്ങുന്ന ക്രമത്തിലാണ് പുതിയവരെ പ്രവേശിപ്പിച്ചത്.

ആളുകൾ കൂട്ടമായി എത്തിയതോടെ ചിലയിടങ്ങളിൽ നിയന്ത്രണം പാളി. തിരക്ക് അനിയന്ത്രിതമായ സ്ഥാപനങ്ങളിൽ പൊലീസിന്റെ ഇടപെടലുണ്ടായി. രാവിലെ മുതൽ തന്നെ പൊലീസും നഗരസഭയും ആൾക്കൂട്ടങ്ങളും അനാവശ്യ യാത്രകളും ഒഴിവാക്കണമെന്ന് ഉച്ചഭാഷിണിയിലൂടെ വ്യാപകമായി അറിയിപ്പ് നൽകിയിരുന്നു. നഗരത്തിൽ ഇന്നലെ കൂടുതൽ പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. ഓണക്കാലം ആരംഭിച്ചതിന് ശേഷം ഇന്നലെയാണ് പൊലീസിന് ഗതാഗതം നിയന്ത്രിക്കാൻ അല്പമെങ്കിലും ഇടപെടേണ്ടിവന്നത്.

 കുതിച്ചുചാടാതെ ഓണക്കച്ചവടം

മുൻകാലങ്ങളിൽ രാത്രി വൈകിയും ഇത്രാടപ്പാച്ചിൽ തുടരുന്നതാണ്. പക്ഷെ ഇന്നലെ രാത്രി എട്ട് മണിയോടെ തന്നെ ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും തിരക്കൊഴിഞ്ഞു. പ്രതീക്ഷയോളമെത്തിയില്ലെങ്കിലും മിക്ക സ്ഥാപനങ്ങളിലും മോശമല്ലാത്ത കച്ചവടം ഇന്നലെ നടന്നു.

എന്നാൽ കഴിഞ്ഞ വർഷങ്ങളിലേതിന്റെ പകുതി കച്ചവടം പോലും ഉണ്ടായില്ലെന്നാണ് വ്യാപാരികൾ പറയുന്നത്. വൻകിട സ്ഥാപനങ്ങളിൽ തള്ളിക്കയറാതെ പലരും തിരക്കൊഴിഞ്ഞ ചെറു സ്ഥാപനങ്ങളിലുമെത്തി. വ്യാപാര സ്ഥാപനങ്ങളിലെ തിരക്കിനിടെ കൊവിഡ് പടരുമെന്ന ഭീതിയിൽ പലരും മനസിൽ ഉറപ്പിച്ച സാധനങ്ങൾ പോലും വാങ്ങാതെ മടങ്ങുകയാണുണ്ടായത്.

 ഇന്നും കർശന നിയന്ത്രണം

തിരുവോണ നാളായ ഇന്നും വരുംദിവസങ്ങളിലും നിയന്ത്രണങ്ങൾ കർശനമായി തുടരും. കൊല്ലം ബീച്ച് അടക്കം ആഘോഷ കേന്ദ്രങ്ങളാകാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ആളുകളെ മടക്കി അയയ്ക്കാൻ പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.