കൊല്ലം: ജടായുപ്പാറ ടൂറിസം പദ്ധതിയിൽ നിന്ന് നിക്ഷേപകരെ പുറത്താക്കിയെന്ന പ്രചാരണം തെറ്റാണെന്നും നിക്ഷേപകരിൽ ഒരു വിഭാഗം മാത്രമാണ് ആക്ഷേപമുന്നയിക്കുന്നതെന്നും സിനിമാ സംവിധായകൻ രാജീവ് അഞ്ചൽ കൊല്ലം പ്രസ് ക്ലബിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സർക്കാരുമായും തന്റെ സ്ഥാപനമായ ഗുരുചന്ദ്രികയുമായുമുള്ള കരാർ ലംഘിച്ചതിനാൽ ഒരു കമ്പനിയുടെ അവകാശം അവർ തന്നെ നഷ്ടപ്പെടുത്തുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പല കോടതികളിലായി കേസ് നടക്കുകയാണ്. ആയിരം കോടി രൂപയാണ് മൊത്തം മുതൽ മുടക്ക്. ഇതിൽ 26.47 കോടി മാത്രം മുടക്കിയ ഒരു കമ്പനിയാണ് ആക്ഷേപമുന്നയിക്കുന്നത്. അഞ്ചുവർഷം കഴിയുമ്പോൾ 45 ശതമാനം ഷെയർ ഗുരു ചന്ദ്രികയ്ക്ക് ലഭിക്കണമെന്നാണ് കരാർ. അത് തരാതിരിക്കാനാണ് അനാവശ്യ പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.