കൊട്ടാരക്കര: കൊവിഡ് ഭീതിയിൽ നിറം മങ്ങിയ ഓണം വ്യാപാരികളെ ആശങ്കയിലാഴ്ത്തി. ഉത്രാട നാളിലെ അനിയന്ത്രിതമായ തിരക്കിനെ നിയന്ത്രിക്കാൻ പൊലീസും മറ്റു ബന്ധപ്പെട്ടവരും എല്ലാ വിധ മുൻകരുതലുകളുമെടുത്തെങ്കിലും കൊവിഡ് ഭയന്ന് വീട്ടിൽ നിന്നും ടൗണുകളിലെത്താൻ അധികമാരും തയ്യാറായില്ല. ഓണനാളുകളിൽ ജനത്തിരക്കു മുൻകൂട്ടി കണ്ട് വളരെ നേരത്തേ തന്നെ അവശ്യസാധനങ്ങൾ കരുതിയതും മുൻവർഷത്തെ അപേക്ഷിച്ച് അനുഭവപ്പെട്ട പണത്തിന്റെ കുറവുമാണ് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചത്.
ഓണത്തിരക്കില്ല
മുൻ വർഷങ്ങളിൽ ഓണമെത്തുന്നതിനു പത്തുനാൾ മുമ്പേ അന്യ സംസ്ഥാനക്കാരായ വഴിയോര കച്ചവടക്കാർ ധാരാളമായി ടൗണുകളിൽ എത്താറുണ്ട്. താത്ക്കാലികമായി കടകൾ വാടകക്കെടുത്തും ഫുട്പാത്തകൾ കയ്യടക്കിയുമാണ് ഇവർ കച്ചവടം ചെയ്യുന്നത്. ഇത്തവണ കൊവിഡ് നിയന്ത്രണങ്ങൾ ഇത്തരക്കാരെ മേഖലയിൽ നിന്നും അകറ്റി നിർത്തി.കഴിഞ്ഞ ആറുമാസമായി അനുഭവപ്പെട്ട വ്യാപാര മാന്ദ്യം ഓണത്തോടെ വിട്ടൊഴിയും എന്ന ധാരണയിൽ ലക്ഷങ്ങൾ മുടക്കി കാത്തിരുന്ന വ്യാപാരികളെയും ബിസിനസുകാരെയും നിറം കെട്ട ഓണം നിരാശയിലാക്കി. തിരുവോണത്തിന് ഒരാഴ്ച മുമ്പ് മുതൽ കാണപ്പെടുന്ന തിരക്ക് ഇക്കുറി ഉണ്ടായില്ല. മാത്രമല്ല ഉത്രാട നാൾ പോലും ഹർത്താലിന്റെ അവസ്ഥയാണുണ്ടായതെന്ന വ്യാപാരി വ്യവസായി അസോസിയേഷൻ ഭാരവാഹികൾ പറയുന്നു.