ഓച്ചിറ: അസഭ്യം പറഞ്ഞതിനെ ചോദ്യം ചെയ്ത യുവാവിനെ ഗുണ്ടാസംഘം ക്രൂരമായി മർദിച്ച ശേഷം ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു. സാരമായി പരിക്കേറ്റ കണ്ണൂർ, വടകര മുഖച്ചേരിഭാഗം പുതിയപുരയിൽ വീട്ടിൽ ശ്യാം ശശിധരനെ (36) ഓച്ചിറയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറുമണിയോടെ വലിയകുളങ്ങര മണലാടി ജംഗ്ഷനിൽ ലൈറ്റ്ലാന്റ് സ്കൂളിന് സമീപമായിരുന്നു സംഭവം. ശ്യാം ശശിധരൻ വലിയകുളങ്ങരയിലുള്ള ബന്ധുവീട്ടിൽ എത്തിയതാണ്. ഇവിടെയുള്ള പണിതീരാതെ ഉപേക്ഷിക്കപ്പെട്ട വില്ലകൾ മയക്കുമരുന്ന് മാഫിയകളുടെയും ഗുണ്ടാസംഘങ്ങളുടെയും കേന്ദ്രമാണ്. ഇവരെ എതിർക്കുന്ന നാട്ടുകാരെ ആക്രമിക്കുന്നത് സ്ഥിരം സംഭവമാണ്. സംഭവവുമായി ബന്ധപ്പെട്ടു പായിക്കുഴിയിലെ ഗുണ്ടാനേതാവ് പ്യാരി ഉൾപ്പടെ അഞ്ച് പേർക്കെതിരെ ഓച്ചിറ പൊലീസ് കേസെടുത്തു.