പെടപെടയ്ക്കണ മീനിനെപ്പോലെ പട്ടാമ്പി മത്സ്യമാർക്കറ്റിൽ കൊവിഡ് വൈറസ് പടർന്നപ്പോൾ തൃശൂർ ജില്ലയിലെ ചന്തകളും രോഗാണുവിന്റെ പിടിയിലായി. മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ മത്സ്യവില്പനക്കാരനും കൊവിഡ് സ്ഥിരീകരിച്ചതോടെ കടവല്ലൂർ പഞ്ചായത്ത് പ്രദേശം അടച്ചനിലയിലായി. 12, 13 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി തൊട്ടുപിന്നാലെ കുന്നംകുളം, കേച്ചേരി മാർക്കറ്റുകളിലും ഭീതി പടർന്നു. കേച്ചേരിയിൽ മത്സ്യവിൽപ്പനക്കാരന് രോഗം സ്ഥിരീകരിച്ചു.
പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്ന് മത്സ്യം വാങ്ങി ചില്ലറ വില്പന നടത്തുന്ന മീൻവില്പനക്കാരനാണ് കടവല്ലൂരിൽ ഭീതിപരത്തിയത്. പ്രാഥമിക സമ്പർക്കം പുലർത്തിയ 92 പേരെ നിരീക്ഷണത്തിലാക്കിയിരുന്നു. പെരുമ്പിലാവിലെ മത്സ്യമാർക്കറ്റുകൾ ദിവസങ്ങൾക്ക് മുൻപ് ആരോഗ്യവിഭാഗം നേരിട്ടെത്തി അടപ്പിച്ചിരുന്നു. മറ്റിടങ്ങളിലെ വഴിയോര മത്സ്യകച്ചവടവും കൊവിഡ് സ്ഥിരീകരണത്തോടെ നിറുത്തലാക്കി. പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നുള്ള മത്സ്യം വിൽക്കുന്ന 30 ഓളം മത്സ്യവില്പനക്കാരെയും നിരീക്ഷണത്തിലാക്കിയിരുന്നു.
മീൻവിൽപ്പനക്കാരെ കാണുമ്പോഴേയ്ക്കും ജനങ്ങൾ ഭയക്കുന്ന നിലയിലെത്തിയപ്പോൾ, മുട്ടയും ഇറച്ചിയും കഴിച്ച് അഡ്ജസ്റ്റ് ചെയ്യുകയാണ് തൃശൂരിലെ നോൺവെജുകാർ. വഴിയോരങ്ങളിൽ മുപ്പത് കോഴിമുട്ടയ്ക്ക് നൂറു രൂപ എന്ന ബോർഡ് എഴുതി കച്ചവടത്തിനിരിക്കുന്നവരേയും കാണാം. ഇവരൊന്നും കച്ചവടക്കാരല്ലെന്നതാണ് മറ്റൊരു വസ്തുത. സ്വകാര്യ ബസ് ജീവനക്കാരും ഒാട്ടോറിക്ഷ ഡ്രൈവർമാരുമെല്ലാം അക്കൂട്ടത്തിലുണ്ട്. ചിക്കൻ, ബീഫ് ബിരിയാണി കാറുകളിലെത്തിച്ച് വഴിയോരവിൽപ്പന നടത്തുന്നവരും ഏറെയുണ്ട്. അജ്ഞാതമായ സ്ഥലങ്ങളിൽ നിന്ന് പാചകം ചെയ്ത് ഭക്ഷണപദാർത്ഥങ്ങൾ വിൽക്കുന്നതിനെതിരെ ഹോട്ടലുടമകളും രംഗത്തെത്തിയിട്ടുണ്ട്. പുതുതായി നിരവധി തട്ടുകടകളും രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും ഇൗ പ്രവണത അനുവദിക്കാനാവില്ലെന്നും നടപടി സ്വീകരിക്കുമെന്നുമാണ് ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്.
അന്യസംസ്ഥാനതൊഴിലാളികളെ വേണ്ട(ണം)
അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചു വരണോ? വേണമെന്നും വേണ്ടെന്നും പറയാനാവാത്ത സ്ഥിതിയിലാണ് തൊഴിലുടമകളും ഏജന്റുമാരും. ഇവർക്ക് കൊവിഡ് പിടിപെട്ടാൽ തൊഴിലുടമകൾ കുടുങ്ങും. അവർ എത്തിയില്ലെങ്കിൽ നിർമ്മാണപ്രവർത്തനങ്ങൾ പെരുവഴിയിലാകും. തൊഴിലാളികൾക്കിടയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനം കർശനമാക്കിയില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടിവരുമെന്നതിന്റെ തെളിവാകുകയായിരുന്നു പുത്തൂർ സുവോളജിക്കൽ പാർക്കിൽ 15 പേർക്കുണ്ടായ രോഗബാധ. ബീഹാറിൽ നിന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തിയ 14 പേർക്കും ഒരു ഉത്തർപ്രദേശ് സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, അന്യസംസ്ഥാന തൊഴിലാളികൾക്കായുള്ള മാർഗനിർദ്ദേശം പുറപ്പെടുവിച്ച് പ്രതിരോധം ശക്തമാക്കുകയാണ് ആരോഗ്യ വകുപ്പ്.
മാർഗനിർദ്ദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസിന്റെയും മുന്നറിയിപ്പ്. തൊഴിലാളികൾ കേരളത്തിലെത്തുന്ന ദിവസം കൊവിഡ് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. ഇതിൽ സ്ഥിരീകരിക്കുന്ന വ്യക്തികളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കോ കൊവിഡ് ആശുപത്രികളിലേക്കോ മാറ്റും. ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവാണെങ്കിൽ 14 ദിവസം കർശനമായും ഒരു മുറിയിൽ സ്വയം നിരീക്ഷണത്തിൽ കഴിയണം. നിരീക്ഷണ കാലാവധി പൂർത്തിയായതും ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായതുമായ അന്യസംസ്ഥാന തൊഴിലാളിക്ക് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. പുത്തൂർ പാർക്കിൽ നിർബന്ധിത ക്വാറന്റൈനിൽ താമസിപ്പിച്ച് ഇവരെ വേർതിരിച്ചറിയുന്നതിനായി കൈയിൽ പ്രത്യേക ടാഗ് നൽകാനായിരുന്നു നിർദ്ദേശം.
തൊഴിലാളികളുടെ നീക്കം ശ്രദ്ധിക്കുന്നതിനായി രണ്ട് സി.സി.ടി.വി കാമറകൾ സ്ഥാപിക്കണമെന്നും മെയിൻ ഗേറ്റുകൾ ഒഴികെയുള്ള മറ്റു പ്രവേശന സാദ്ധ്യതയുള്ള സ്ഥലം അടക്കണമെന്നും നിർദ്ദേശിച്ചിരുന്നു. മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഫോറസ്റ്റ് എയ്ഡ് പോസ്റ്റ് ഉണ്ടാക്കാനും തീരുമാനിച്ചിരുന്നു.
ആര് കൊയ്യും?
ഈ മാസം പകുതിയോടെ രണ്ടാം വിളയായ മുണ്ടകൻ കൃഷിക്കുള്ള ഒരുക്കം തുടങ്ങിയതോടെ അന്യസംസ്ഥാന തൊഴിലാളികളുടെ കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്. നിലം ഒരുക്കലും ഞാറ്റടി തയ്യാറാക്കലുമാണ് മുണ്ടകനിലെ ആദ്യഘട്ടം. അടുത്ത രണ്ട് മാസങ്ങളിലായാണ് വിത്തിറക്കുന്നത്. ഇതിനുശേഷം നടീൽ ഉൾപ്പെടെയുള്ള പണികളും തുടങ്ങും. തമിഴ്നാട്, ബംഗാൾ, അസം, ബിഹാർ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് സംസ്ഥാനത്തെ നടീൽ പ്രവൃത്തികളിൽ ഭൂരിഭാഗവും ചെയ്തിരുന്നത്. എന്തായാലും കേരളത്തിലെത്തുന്ന
തൊഴിലാളികളുടെ വിവരം ആരോഗ്യ, തൊഴിൽ, ഫിഷറീസ് വകുപ്പുകളെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെയും തൊഴിലുടമകൾ നിശ്ചയമായും അറിയിക്കണം. തൊഴിലാളികൾക്ക് ഭക്ഷണവും നിരീക്ഷണത്തിൽ കഴിയാനുള്ള താമസ സൗകര്യവും ഏർപ്പെടുത്തണം. തൊഴിലാളികളുടെ വിവരം പ്രദേശത്തെ സർക്കാർ ആശുപത്രിയിലോ ജില്ലാ മെഡിക്കൽ ഓഫീസിലോ നൽകുകയും വേണം. ഇതൊന്നും പാലിച്ചില്ലെങ്കിൽ കൊയ്തെടുക്കുന്നത് ദുരന്തങ്ങളാകും.
ആയിരം കടന്ന്
രാജ്യത്ത് ആദ്യം രോഗം സ്ഥിരീകരിച്ച തൃശൂർ ജില്ലയിൽ, ആറ് മാസം പിന്നിടുമ്പോൾ ആകെ രോഗികളുടെ എണ്ണം ആയിരം കടന്ന്, 1134 പേരിലെത്തി. കൊവിഡ് ബാധിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചതോടെ ജില്ലയിലെ കൊവിഡ് മരണം ഏഴായി. ഇരിങ്ങാലക്കുട പല്ലൻ ഹൗസിൽ വർഗീസ് (71) ആണ് ഒടുവിൽ മരിച്ചത്. സമ്പർക്കരോഗബാധയും പിടിവിട്ട മട്ടിലായി. അന്യസംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമുളളവരുടെ വരവ് കുറഞ്ഞു. പക്ഷേ, സമ്പർക്കരോഗബാധ കാട്ടുതീ പോലെ പടർന്നപ്പോൾ ട്രിപ്പിൾ ലോക്ക്ഡൗണിലായി. നഗരത്തിലേക്ക് പ്രവേശിക്കുന്ന സംസ്ഥാന പാതയിലടക്കം അതിർത്തി റോഡുകളെല്ലാം പൊലീസ് അടച്ചിരുന്നു. ഇടറോഡുകളിലും പൊലീസ് പരിശോധന കർശനമാക്കി. വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർക്ക് 1000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. കൊവിഡ് ടെസ്റ്റുകൾക്കായി സഞ്ചരിക്കുന്ന ആംബുലൻസുകളും പൊലീസ് ജീപ്പുകളും മാത്രമാണ് നിരത്തുകളിലുള്ളത്. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ ചിലയിടങ്ങളിൽ തകർത്ത സംഭവങ്ങളും ഉണ്ടായി. എങ്ങനെയൊക്കെ രോഗം പടർന്നാലും തന്റെ കാര്യം നടക്കാൻ എന്തും ചെയ്യുമെന്ന് ഉറപ്പിച്ച് റോഡിലിറങ്ങുന്നവരുമുണ്ടെന്ന് ചുരുക്കം.