sakthan

തൃശൂർ: സമ്പർക്കരോഗ വ്യാപനം കൂടുകയും ശക്തൻ അടക്കമുള്ള മാർക്കറ്റുകളിൽ രോഗം അനിയന്ത്രിതമാവുകയും ചെയ്തതോടെ തൃശൂർ വീണ്ടും അതീവജാഗ്രതയിലേക്ക്. ശക്തൻ മാർക്കറ്റിൽ 378 പേർക്ക് ആന്റിജൻ പരിശോധന നടത്തിയതിൽ ചുമട്ടു തൊഴിലാളികൾക്കും കടകളിലെ ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ശക്തനിൽ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 15 ലേറെയായി.

കുന്നംകുളം, ഇരിങ്ങാലക്കുട മേഖലകളിൽ നിയന്ത്രണം വിട്ട് രോഗം കൂടുന്നതും ആപത് സൂചന നൽകുന്നു. ശക്തൻ നഗറിൽ മുഴുവൻ തൊഴിലാളികളെയും ഇനിയും പരിശോധിക്കാനായിട്ടില്ല.

തിങ്കൾ, ചൊവ്വ ദിവസങ്ങളിലും പരിശോധന തുടരും. അതേസമയം, ഇങ്ങനെ പൊസിറ്റീവ് ആയവർ മുഴുവൻ ഔദ്യോഗിക പട്ടികയിൽ വന്നിട്ടുമില്ല. ജില്ലയിൽ പല ഭാഗത്തും പട്ടികയിൽപെടാത്ത നിരവധി രോഗികളുണ്ട്. പല പൊസിറ്റീവ് കേസുകൾക്കും ഉള്ളത് വിപുലമായ സമ്പർക്ക പട്ടികയാണ്.

നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും ആന്റിജൻ പരിശോധനയിൽ പൊസിറ്റീവ് കൂടുമ്പോൾ, അവരെല്ലാം സജീവമായി പൊതുസ്ഥലങ്ങളിൽ ഉണ്ടായിരുന്നവരാണെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നു. ശക്തൻ മാർക്കറ്റ് അടച്ചെങ്കിലും പലരും മുമ്പേ തന്നെ പൊസിറ്റീവ് ആയിരുന്നുവെന്നാണ് കരുതുന്നത്.

ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ എസ്.ഐ അടക്കമുള്ള 14 പേർ നിരീക്ഷണത്തിലായിരുന്നു. തലപ്പിളളി താലൂക്ക് തഹസിൽദാർക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യപ്രവർത്തകർ അടക്കമുള്ള ഉദ്യോഗസ്ഥർക്ക് രോഗം സ്ഥിരീകരിക്കുന്നത് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുമെന്ന ആശങ്കയുമുണ്ട്.

7 ദിവസം

300 കവിഞ്ഞ് സമ്പർക്കം

ജൂലായ് 25 ന് 27 സമ്പർക്കരോഗബാധിതർ

26 25

27 26

28 79

29 25

30 61 (ഉറവിടം അറിയാത്ത 2പേർ)

31 51 (ഉറവിടം അറിയാത്ത 2പേർ)

ജാഗ്രതപ്പെടേണ്ട കണക്ക്

മരണനിരക്ക് കൂടുതൽ

തിരുവനന്തപുരത്ത് 4,500 ലേറെ രോഗബാധിതരിൽ 12 മരണം (0.27%)

തൃശൂരിൽ 1500 ലേറെ രോഗബാധിതരിൽ 7 മരണം (0.48%)

ക്ളസ്റ്ററുകൾ

ഇരിങ്ങാലക്കുട, ചാലക്കുടി, കുന്നംകുളം തുടങ്ങിയ നഗരങ്ങൾ കേന്ദ്രീകരിച്ച്

സമ്പർക്കം നഗരങ്ങളിലും ഗ്രാമങ്ങളിലും

തൃശൂർ നഗരം, അയ്യന്തോൾ, വാടാനപ്പിള്ളി, മാടക്കത്തറ, കുന്നംകുളം, തൃക്കൂർ, കൊടകര, കൊടുങ്ങല്ലൂർ, വടക്കാഞ്ചേരി, പുത്തൻചിറ, അടാട്ട്, കാട്ടകാമ്പാൽ, അഴീക്കോട് എന്നിവിടങ്ങളിൽ സമ്പർക്ക കേസുകൾ കൂടുന്നു.

അന്യസംസ്ഥാനങ്ങളിലും രാജ്യങ്ങളിലുമുള്ളവരുടെ വരവ് കുറഞ്ഞിട്ടും ചിലയിടങ്ങളിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും സമ്പർക്കബാധ കുറയുന്നില്ല.