തൃപ്രയാർ: നാട്ടികയിലെ ശ്രീനാരായണ ഗുരു കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് കോളേജിലെ മലയാള വിഭാഗവും ഇന്റേർണൽ ക്വാളിറ്റി എഷ്വറൻസ് സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന വെബിനാർ പരമ്പര ആരംഭിച്ചു. ശനിയാഴ്ച നടന്ന 'കഥയുടെ ചുവരെഴുത്തുകൾ' എന്ന അന്തർദേശീയ വെബിനാറിൽ ഷാർജയിൽ നിന്ന് എഴുത്തുകാരൻ വെള്ളിയോടൻ സംസാരിച്ചു. ഭാഷയെയും സംസ്കാരത്തെയും പുനർ നിർമ്മിക്കുന്ന, മനുഷ്യരിലെ ഭൂതദയയും ആത്മവിശ്വാസവും ചേർത്തു വയ്ക്കുന്ന വ്യത്യസ്ത എഴുത്തുകാരെയും അവരുടെ എഴുത്തിനെയും അദ്ദേഹം പരിചയപ്പെടുത്തി. ഒരു മതത്തോടോ ഒരു രാഷ്ട്രീയത്തോടോ, ദർശനത്തോടോ അല്ല തന്റെ എഴുത്ത് കലാപമുയർത്തുന്നതെന്നും ലോകമാനവ സ്നേഹമാണ് താൻ കാംക്ഷിക്കുന്നതെന്നും വെള്ളിയോടൻ പറഞ്ഞു. പ്രൊഫ. ടി. ഷൈല അദ്ധ്യക്ഷനായി. കോർഡിനേറ്റർ അസി. പ്രൊഫ. ദൃശ്യ എം.ആർ, അസി. പ്രൊഫ. ടിന്റു ടി.ആർ എന്നിവർ സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി ദിനിൽ സെന്നിന്റെ നേതൃത്വത്തിൽ കോളേജിന്റെ യു ട്യൂബ് ചാനലിൽ പരിപാടിയുടെ ലൈവ് സംപ്രേക്ഷണവും, ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ആഗസ്റ്റ് 4 ന് ഉച്ചയ്ക്ക് 2ന് എഴുത്തുകാരി ഡോ. ഉഷ ബാലകൃഷ്ണൻ, 'കഥയിൽ ചരിത്രം ഇടപെടുമ്പോൾ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 6 ന് 2ന് നാട്ടിക എസ്.എൻ കോളേജ് മലയാളവിഭാഗം മേധാവി വി.എസ് റെജി, 'വക്രോക്തി കാവ്യജീവിതം' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. 12 ന് രാവിലെ 11ന് പ്രമുഖ മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ എം.പി സുരേന്ദ്രൻ, സത്യാനന്തര കാലത്തെ മുഖ്യധാരാ മാദ്ധ്യമങ്ങളും സാമൂഹിക മാദ്ധ്യമങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ഫോൺ: 9745 888814.