ഭയന്നുവിറച്ച് സമീപവാസികൾ വീടൊഴിഞ്ഞു പോകുന്നു
കാഞ്ഞാണി: കാൽനൂറ്റാണ്ട് പഴക്കമുള്ള വാട്ടർ ടാങ്ക് നാട്ടുകാർക്ക് അപകടഭീഷണിയാകുന്നു. മണലൂർ ഗ്രാമപഞ്ചായത്തിലെ പാലാഴി ഒന്നാം വാർഡിലെ വാട്ടർ ടാങ്കാണ് പരിസരവാസികൾക്ക് ഭീഷണിയാകുന്നത്. വാട്ടർ ടാങ്ക് കെട്ടിടം തകർന്ന് വീഴുമെന്ന് ഭയന്ന് സമീപവാസികൾ വീട് ഒഴിഞ്ഞ് പോയെങ്കിലും സുരക്ഷിതത്വം ഉറപ്പുവരുത്താൻ പഞ്ചായത്ത് അധിക്യതർക്ക് കഴിഞ്ഞിട്ടില്ല.
തീരദേശ മേഖലയായ പാലാഴിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനായി മണലൂർ പഞ്ചായത്താണ് കാൽനൂറ്റാണ്ടുകൾക് മുമ്പ് ടാങ്ക് നിർമ്മിച്ചത്. വിവിധ ഭരണസമിതികൾ പാലാഴിയിലെ കുടിവെള്ള പദ്ധതിക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴും ടാങ്ക് കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പക്കാനും പുനർനിർമ്മിക്കാനും തയ്യാറാകാത്തതാണ് ഇപ്പോഴത്തെ അപകടാവസ്ഥയ്ക്ക് കാരണം.
വിള്ളലും ചോർന്നൊലിച്ച് കമ്പികൾ തുരുമ്പെടുത്തും കാലഹരണപ്പെട്ട നിലയിലാണ് വാട്ടർ ടാങ്ക് കെട്ടിടം. തകർന്നുവീഴുമെന്ന് ഭയന്ന് സമീപവാസി ജിന്റോ ആന്റണിയുടെ കുടുംബമാണ് സമീപമുള്ള വീടൊഴിഞ്ഞ് പോയത്. ഭയാശങ്കകളോടെയാണ് ഇവിടെ പ്രദേശവാസികൾ കഴിയുന്നത്.
കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കാലഹരണപ്പെട്ട വാട്ടർടാങ്കിൽ പദ്ധതി നടപ്പിലാക്കുന്നതിന് സി.ആർ. രാജൻ എം.പിയുടെ പ്രദേശിക ഫണ്ടിൽ നിന്ന് 3.65 ലക്ഷം രൂപയും മുരളി പെരുന്നെല്ലി എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 3 ലക്ഷം രൂപയും മണലൂർ പഞ്ചായത്തിന്റെ വികസനഫണ്ടിൽ നിന്ന് 1.81 ലക്ഷം രൂപയും ഉപയോഗിച്ചിരുന്നെങ്കിലും വാട്ടർ ടാങ്കിന്റെ സുരക്ഷിതത്വം പരിശോധിച്ചിരുന്നില്ല. സമീപവാസികളുടെ വിടിനും സ്വത്തിനും ഭീഷണി ഉയർത്തുന്ന വാട്ടർ ടാങ്കാണ് വീണ്ടും കോടികൾ ചെലവഴിച്ച് നടപ്പിലാക്കുന്ന മണലൂർ വഞ്ചിക്കടവ് കുടിവെള്ള പദ്ധതിക്കായും തിരഞ്ഞെടുത്തിരിക്കുന്നത്.
(കമന്റുകൾ)
ടാങ്കിന്റെ അപകടാവസ്ഥയെക്കുറിച്ച് സമീപവാസികൾ ഞ്ചായത്ത് പ്രസിഡന്റിനെ ധരിപ്പിച്ചിട്ടുണ്ട്. അടുത്ത ഭരണസമിതി യോഗത്തിൽ ചർച്ച ചെയ്ത് തിരുമാനിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്.
- ജിഷ സുരേഷ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ, വാർഡ് മെമ്പർ.
++++++++++++++
വാട്ടർ ടാങ്ക് അപകട ഭീഷണിയിലാണ്. ഇത് പൊളിച്ചുമാറ്റുകയോ പുനർനിർമ്മിക്കുകയോ ചെയ്യാതെ ഇവിടെ തമാസിക്കാൻ കഴിയില്ല. ഭയം കൊണ്ടാണ് അളിയന്റെ വീട്ടിലേക്ക് താമസം മാറ്റിയത്.
- ലിന്റോ ആന്റണി, സമീപവാസി.