തൃശൂർ: പി.എം.എ.വൈയുടെ പേരിലെ വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുതെന്ന് സംസ്ഥാന നോഡൽ ഓഫീസർ വി.എസ് സന്തോഷ് കുമാർ. പ്രധാനമന്ത്രി ആവാസ് യോജനാ പദ്ധതിയിൽ ആഗസ്റ്റ് 14 വരെ ഗുണഭോക്താക്കളെ ചേർക്കുന്നുവെന്ന പേരിലാണ് വ്യാജ പ്രചരണം നടക്കുന്നത്. സംസ്ഥാന സർക്കാർ ലൈഫ് പദ്ധതിയിൽ ഈ മാസം 14 വരെ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നുണ്ട്. ഈ പ്രവർത്തനത്തെ തടസ്സപ്പെടുത്താനാണ് പി.എം.എ.വൈയുടെ പേരിൽ വ്യാജ വാട്‌സ് ആപ്പ് പോസ്റ്റുകൾ പ്രചരിക്കുന്നത്. പി. എം.എ.വൈ (ജി)യിൽ ആവാസ് പ്ലസ് മൊബൈൽ ആപ് മുഖേന പുതിയ ഗുണഭോക്താക്കളെ ചേർക്കുന്നതിന് 2019 മാർച്ച് എട്ട് വരെയാണ് കേന്ദ്ര സർക്കാർ അനുമതി തന്നിരുന്നത്. അങ്ങനെ ചേർത്ത ഗുണഭോക്താക്കളുടെ ആധാർ പരിശോധനയ്ക്ക് ശേഷമേ തുടർനടപടികളുണ്ടാകൂ. ആവാസ് പ്ലസിൽ പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ വ്യാജ പ്രചരണം കണ്ട് തെറ്റിദ്ധരിച്ച് വി.ഇ.ഒമാരെയോ, ജനപ്രതിനിധികളെയോ സമ്മർദ്ദത്തിലാക്കരുതെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ലൈഫ് പദ്ധതിയിൽ ഉൾപ്പെടാതെ പോയ അർഹർക്ക് അപേക്ഷിക്കാൻ 14 വരെ അവസരമുണ്ട്. ഇന്നലെ രജിസ്‌ട്രേഷൻ ആരംഭിച്ചതു മുതൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്നലെ രാവിലെ 10.30 ഓടെ തന്നെ 500 ൽ അധികം പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.