കയ്പമംഗലം: കനത്ത കാറ്റിലും മഴയിലും ദേശീയപാത 66 ചെന്ത്രാപ്പിന്നിയിൽ മരം വീണും ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണും ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് ചെന്ത്രാപ്പിന്നി ഹൈസ്‌കൂൾ റോഡ് മുരുകൻ സെന്ററിൽ ദേശീയപാതയോരത്ത് നിന്നിരുന്ന അക്വേഷ്യ മരം കടപുഴകി കുറുകെ വീണത്.
അടുത്തു നിന്നിരുന്ന ഇലക്‌ട്രിക് പോസ്റ്റ് ഒടിഞ്ഞ് ലൈനുകളും പൊട്ടി. ദേശീയപാതയിൽ ഗതാഗതം മൂന്ന് മണിക്കൂറോളം സ്തംഭിച്ചു. കയ്പമംഗലം പൊലീസും, വലപ്പാട് ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. നീണ്ട ശ്രമങ്ങൾക്കിടെ വീണ മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു. കാറ്റിലും മഴയിലും മരം കടപുഴകി 11 കെ.വി ലൈനിൽ വീണത് മൂലം പോസ്റ്റ് ഒടിയുകയും തൊട്ടടുത്ത പോസ്റ്റുകൾ ചെരിയുകയും ചെയ്തിരുന്നു. ഉടൻ രാത്രി ഡ്യൂട്ടിയിലുള്ളവർ സ്ഥലത്തെത്തി പ്രദേശത്തേക്കുള്ള വൈദ്യുതി വിതരണം തടഞ്ഞ് മറ്റു സ്ഥലങ്ങളിലേക്ക് സപ്ലൈ കൊടുത്തു.
ഫയർഫോഴ്‌സ് തുടങ്ങിയ മറ്റു ഡിപ്പാർട്ട്‌മെന്റുകളുടെ സഹായത്തോടെയാണ് മരം മുറിച്ച് മാറ്റിയത്. പിന്നീട് ജീവനക്കാരുടെയും കോൺട്രാക്ട് ജീവനക്കാരുടെയും പരിശ്രമത്താൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഒടിഞ്ഞ പോസ്റ്റ് മാറ്റി വൈദ്യുതി വിതരണം സാധാരണ നിലയിലാക്കി.