മാള: മാള പഞ്ചായത്തിലെ കാട്ടിക്കരക്കുന്നിലെ കൊവിഡ് പോസിറ്റീവായവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 102 പേർക്ക് ആൻ്റിജൻ പരിശോധന നടത്തി. ഇവരിൽ 10 പേരുടെ പരിശോധനാ ഫലം പോസിറ്റീവായി. ഇനി ഇവരുടെ വിശദമായ സ്രവ പരിശോധന നടത്തും. കാട്ടിക്കരക്കുന്നിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്ക് അടക്കം കഴിഞ്ഞ ദിവസത്തെ പരിശോധനയിൽ 9 പേരുടെ ആൻ്റിജൻ പോസിറ്റീവായിരുന്നു.

തുടർന്നാണ് സമ്പർക്ക പട്ടികയിലുള്ള 102 പേരുടെ ആൻ്റിജൻ പരിശോധന നടത്തിയത്. ഇതോടെ ഈ മേഖലയിൽ 19 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കുട്ടികളും പ്രായമായവരും അടക്കമുള്ളവർക്ക് രോഗലക്ഷണങ്ങളൊന്നുമില്ലാതെ പോസിറ്റീവ് ഫലം വന്നതോടെ മേഖലയിലുള്ളവർ ആശങ്കയിലാണ്. പ്രദേശത്ത് ആൻ്റിജൻ പരിശോധന തുടരും.

അടുത്ത ദിവസങ്ങളിൽ മാള മേഖലയിലെ വ്യാപാരികളുടെയും ഡ്രൈവർമാരുടെയും അടക്കം ജനസമ്പർക്കം കൂടുതലുള്ളവരുടെ ആൻ്റിജൻ പരിശോധന നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. മാള ഗ്രാമപഞ്ചായത്ത് പ്രദേശം പൂർണമായി കണ്ടെയ്ൻമെൻ്റ് മേഖലയാക്കിയതിനെ ലംഘിച്ച് തുറന്ന് പ്രവർത്തിച്ച വ്യാപാര സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ച് പിഴ ഈടാക്കി. അതിനിടെ കൊവിഡ് സ്ഥിരീകരിച്ചയാൾ പേര് പറയാതിരുന്നതിൻ്റെ പേരിൽ മാത്രം കട തുറന്നു പ്രവർത്തിച്ചതുമായും ആക്ഷേപമുണ്ട്.

കുഴൂർ പഞ്ചായത്തിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിൽ നിന്നെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഒരാൾക്കും കടയിൽ ജോലി ചെയ്തിരുന്നയാൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്, ഇവർക്ക് സമ്പർക്കം കുറവാണെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ നൽകുന്ന സൂചന. അതേ സമയം കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചയാളുടെ സമ്പർക്ക പട്ടിക വിപുലമായതിനാൽ കുഴൂരിലെ ആറ് വാർഡുകൾ അടച്ചിട്ടിരിക്കുകയാണ്. ഇതിലെ സമ്പർക്ക പട്ടികയിലുള്ളവരുടെ ആൻ്റിജൻ പരിശോധന അടുത്ത ദിവസം നടത്താനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നത്.

മാളയിൽ കണ്ടെയ്ൻമെൻ്റ് മേഖലകളിൽ ഇളവ് നൽകുന്നത് സംബന്ധിച്ച തീരുമാനം അടുത്ത ദിവസങ്ങളിൽ ഉണ്ടായേക്കും. നെയ്തക്കുടി, കോട്ടവാതിൽ എന്നിവിടങ്ങളിലെ കൊവിഡ് സ്ഥിരീകരിച്ചവരുടെ അടുത്ത ബന്ധമുള്ളവർക്ക് നടത്തിയ സ്രവ പരിശോധനാ ഫലത്തെ ആശ്രയിച്ചായിരിക്കും കണ്ടെയ്ൻമെൻ്റ് മേഖലയെ കുറിച്ചുള്ള പുതിയ തീരുമാനം ഉണ്ടാകുക. ഈ പരിശോധനാഫലം രണ്ട് ദിവസത്തിനകം ലഭിക്കുമെന്നാണ് അറിയുന്നത്. അനുകൂലാവസ്ഥയിലേക്കായാൽ കാട്ടിക്കരക്കുന്ന് ഒഴികെയുള്ള പ്രദേശങ്ങളിലെ കണ്ടെയ്ൻമെൻ്റ് മേഖല പിൻവലിക്കാൻ ആരോഗ്യ വകുപ്പ് ശുപാർശ ചെയ്യുമെന്നാണ് സൂചന.

ആരോഗ്യ വകുപ്പിൻ്റെ ശുപാർശ അനുസരിച്ച് കളക്ടറാണ് തീരുമാനം എടുക്കുക. സമ്പർക്കത്തിലായെന്ന പേരിൽ അടഞ്ഞുകിടക്കുന്ന മേഖലയിലെ പച്ചക്കറി, ബേക്കറി, പലചരക്ക് വ്യാപാര സ്ഥാപനങ്ങളിൽ ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ഉപയോഗശൂന്യമായി നശിച്ചിരിക്കുന്നത്. പഴം, പച്ചക്കറി അടക്കമുള്ളവ അഴുകിയ നിലയിലേക്ക് മാറിയിരിക്കുകയാണ്.