slaughter-house-waste
അറവുശാലയില്‍ നിന്നുള്ള രക്തം കലർന്ന മാലിന്യം മഴവെള്ളത്തോടൊപ്പം കലര്‍ന്ന് തളംകെട്ടി കിടക്കുന്നു

ചാവക്കാട്: നഗരസഭയുടെ മദ്ധ്യത്തിലെ അറവുശാലയിൽ നിന്നുള്ള മാലിന്യം പുറത്തേക്കൊഴുകിയെത്തുന്നത് ആരോഗ്യഭീഷണിയാകുന്നു. മാലിന്യങ്ങൾക്ക് യാതൊരു ശുചിത്വമാനദണ്ഡങ്ങളും പാലിക്കാതെയാണ് റോഡിലേക്ക് ഒഴുകിയെത്തുന്നത്. ചേറ്റുവ റോഡിലെ അറവുശാലയിൽ നിന്നുള്ള മാലിന്യം മഴവെള്ളത്തോടൊപ്പം കലർന്ന് തളംകെട്ടി കിടക്കുന്ന അവസ്ഥയാണ്. ശാസ്ത്രീയമായി സംസ്‌കരിക്കാതെ മാലിന്യം സമീപത്തെ ദേശീയപാതയോരത്തേക്ക് ഒഴുകിയെത്തുന്ന സ്ഥിതിയായതോടെ നാട്ടുകാർ പരാതിയുമായി രംഗത്തെത്തി.

നഗരസഭ അധികൃതർ മുമ്പാകെ നാട്ടുകാർ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് കളക്ടറും, തഹസിൽദാറും ഉൾപ്പെടെയുള്ളവരെ വിവരം ധരിപ്പിച്ചതോടെയാണ് നഗരസഭാ ആരോഗ്യവിഭാഗം നടപടിയെടുത്തത്. ഇന്നലെ സ്ഥലത്തെത്തിയ ആരോഗ്യ വിഭാഗം, മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നയിടങ്ങൾ ബ്ലീച്ചിംഗ് പൊടി വിതറി അണുവിമുക്തമാക്കി. കൂടാതെ ഒഴുക്കിന് തടസമായിരുന്ന ദേശീയപാത കാനയിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്തു.

അഞ്ചു വർഷം മുമ്പാണ് അറവുശാല ഒമ്പത് ലക്ഷം രൂപ ചെലവിൽ നവീകരിച്ചത്. അറവിനെത്തിക്കുന്ന ആടുമാടുകളെ രോഗാതുരമല്ലെന്ന് ഉറപ്പുവരുത്തിയാണ് അറുത്ത് വിതരണം ചെയ്യുക എന്നായിരുന്നു അറിയിച്ചിരുന്നത്. ഇതിനായി ഡോക്ടറുടെ സേവനവും ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങളില്ലാതെയാണ് ഇപ്പോൾ അറവുശാല പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

..............

അറവുശാലയ്ക്ക് സമീപത്തെ ദേശീയപാതയിലെ കാന അടഞ്ഞതാണ് മാലിന്യം കെട്ടിക്കിടക്കുന്ന സ്ഥിതിയുണ്ടാക്കിയത്. ഇതുമൂലം അറവുശാലയിൽ നിന്നുള്ള മലിനജലം കാനയിലൂടെ ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്. കാന ദേശീയപാതയുടെ ഉടമസ്ഥതയിലുള്ളതാണ്. ദേശീയപാതാ അധികൃതരോട് ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും ശുചീകരണ പ്രവൃത്തികൾ നടന്നില്ല. മാലിന്യം പുറത്തേക്കൊഴുകി പൊതു ജനാരോഗ്യത്തിന് ഭീഷണിയാകുന്നത് ഒഴിവാക്കാൻ നടപടി ശക്തമാക്കും.

എൻ.കെ അക്ബർ

നഗരസഭാ ചെയർമാൻ