കൊടുങ്ങല്ലൂർ: 'കൈതോലപ്പായ വിരിച്ച്, പായേലൊരു പിടി നെല്ല് മെതിച്ച് '.... കൈതോലപ്പാട്ടിന്റെ മാധുര്യവും കൈതപ്പൂവിന്റെ സുഗന്ധവും ഗതകാലഓർമകളാക്കി എടവിലങ്ങിലെ നടവരമ്പ് ചന്ത പ്രതിസന്ധികളിൽ അന്ത്യശ്വാസം വലിക്കുന്നു. തഴ ഉത്പന്നങ്ങളുടെ വ്യവസായം നേരിടുന്ന പ്രതിസന്ധിയുടെ ദയനീയ മുഖമാണ് എടവിലങ്ങ് ചന്തയിലെ പായക്കച്ചവടം. പ്രതിദിനം അയ്യായിരത്തിലേറെ പായകൾ കച്ചവടം നടന്നിരുന്നതാണ് ഇവിടെ.
വ്യാഴവും, തിങ്കളും ഒഴികെ എല്ലാ ദിവസവും ഉച്ചയ്ക്ക് ഒന്നര മുതൽ രണ്ടര വരെയുള്ള ചന്ത ഇപ്പോൾ നാമമാത്രമായേ ഉള്ളൂ. മേത്തല, എറിയാട്, എടവിലങ്ങ്, പെരിഞ്ഞനം, മതിലകം, എസ്.എൻ പുരം, കൊടുങ്ങല്ലൂർ പ്രദേശങ്ങളിൽ നിന്നുള്ള തഴപ്പായകളാണ് ഇവിടെ എത്താറ്.
വടകര, കാഞ്ഞങ്ങാട്, തലശ്ശേരി, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് പായ കയറ്റിപ്പോകുന്നത്. ആയിരക്കണക്കിന് പേർ പണിയെടുത്തിരുന്ന തഴപ്പായ മേഖലയ്ക്ക് വിനയായത് അസംഘടിതാവസ്ഥയായിരുന്നു. അവകാശങ്ങളും ആനുകൂല്യങ്ങളും കാലാകാലങ്ങളിൽ ചോദിച്ചു വാങ്ങുന്നതിൽ ശ്രദ്ധ ചെലുത്താതിരുന്ന അവരിന്ന് ചില സംഘടനകളുടെ തണലിൽ രംഗത്തെത്തുന്നുണ്ട്. വ്യവസായത്തിന്റെ വികസനത്തിനായി നിരവധി സഹകരണ സ്ഥാപനങ്ങൾ ഉടലെടുത്തെങ്കിലും ഒന്നും ശരിയായി ഫലം കണ്ടിട്ടില്ല.
തീരദേശത്ത് ഒരു കാലത്ത് പതിനയ്യായിരത്തിൽ പരം പേരെങ്കിലും പണിയെടുത്തിരുന്ന വ്യവസായമായിരുന്നു തഴപ്പായ മേഖല. തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങൾ നിരത്തി രാഷ്ട്രീയക്കാർ ഇറങ്ങാറുണ്ടെങ്കിലും ഇതുവരെ ക്ഷേമനിധി മാത്രമേ അവർക്കും അനുവദിക്കാനായിട്ടുള്ളൂ. അതും പാതി പേർക്ക് മാത്രം. പരമ്പരാഗത തൊഴിലിനെ നിലനിറുത്താൻ നീക്കങ്ങളൊന്നും നടത്തിയിട്ടുമില്ല. ഇനി മുസ്‌രീസ് പദ്ധതികളിലൂടെ പുനർജന്മത്തിന് കാത്തിരിക്കുകയാണ് ഒരു പറ്റം വീട്ടമ്മമാർ.
പ്ളാസ്റ്റിക് നിരോധനം സാദ്ധ്യത
പ്ലാസ്റ്റിക്ക് നിരോധനം വന്നതോടെ ഒരു പുനർജന്മത്തിന്റെ സാദ്ധ്യത ഉയർന്നു കാണുന്നുണ്ട്. മേഖലകളിൽ വൈവിദ്ധ്യവത്കരണം നടപ്പിലാക്കിയാൽ ആയിരക്കണക്കിന് സ്ത്രീകൾക്ക് വരുമാന മാർഗ്ഗമാകും. കൗതുകവസ്തുക്കൾ ഉണ്ടാകുന്നതിൽ ശ്രദ്ധ ചെലുത്തിയാൽ വൻ വിപണിയും ഉണ്ടാകും.
കൈതച്ചെടികളും വേണം
രണ്ട് അടിയോളം ഉയരത്തിലുള്ള കൈതച്ചെടികൾ നദിക്കരയിലും തോട്ടുവക്കത്തും പണ്ട് സമൃദ്ധമായിരുന്നു. തീരങ്ങളുടെ 'മണ്ണിടിച്ചി'ലിന് കാവലാളുകളായിരുന്നു അവ. പ്രകൃതിചൂഷണവും മണൽക്കൊള്ളയും കൈതോലച്ചെടികളുടെ വേരറുത്തു. ഇവയിൽ 'ആൺകൈത'കൾ പുഷ്പിക്കും. കവികൾ ഏറെ വാഴ്ത്തിപ്പാടിയ 'കൈതപ്പൂവി'ന് ഹൃദ്യമായ സുഗന്ധവും ഉണ്ടായിരുന്നു. എന്നാൽ നാട്ടിൻപുറങ്ങളിൽ പോലും കൈതപ്പൂ സുഗന്ധം ഇന്നില്ല. നാടൻ കൈതച്ചെടികൾ ശാസ്ത്രീയമായ രീതിയിൽ വച്ച് പിടിപ്പിച്ച് കൃഷി ചെയ്ത് സംസ്‌കരിച്ചെടുക്കാനുള്ള സംവിധാനം പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്തുകൾ കൈക്കൊള്ളണമെന്ന ആവശ്യവും തൊഴിലാളികൾ ഉയർത്തുന്നുണ്ട്.