divanji

തൃശൂർ: പതിറ്റാണ്ടുകളായി ഊരാക്കുരുക്കായിരുന്ന ദിവാൻജി മൂലയിലെ ഗതാഗത തടസം ഒഴിയുന്നു. റെയിൽവേ മേൽപ്പാലത്തിൻ്റെ ഉദ്ഘാടനം ഈ മാസം അവസാനം നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. റോഡിൻ്റെ സംരക്ഷണ ഭിത്തി നിർമാണം, വൈദ്യുതീകരണം തുടങ്ങിയ ജോലികൾ ഉടൻ പൂർത്തിയാകും.

ജംഗ്ഷനിൽ നിലവിലുള്ള ഹൈമാസ്റ്റ് വിളക്കും അവിടെ നിന്ന് മാറ്റി സ്ഥാപിക്കും. റോഡിനോട് ചേർന്നുളള ചേരിയിലെ മൂന്ന് വീടുകൾ പൊളിച്ചുമാറ്റി അവരെ പുനരധിവസിപ്പിക്കും. ഇവരെ പടിഞ്ഞാറെക്കോട്ടയിൽ നിർമ്മിക്കുന്ന ഫ്ളാറ്റിൽ താമസിപ്പിക്കും. പരിസരത്തുള്ള വീടുകളിലേക്കും വാണിജ്യ സ്ഥാപനങ്ങളിലേക്കും സർവീസ് റോഡ് നിർമ്മിച്ചിട്ടുണ്ട്. പാലത്തിലൂടെ കഴിഞ്ഞദിവസം ട്രയൽറൺ തുടങ്ങിയിരുന്നു.

പാലം തുറക്കുന്നതോടെ വടക്കൻ ജില്ലകളിലേക്കും ദീർഘദൂര ബസുകൾക്കും ലോറികൾക്കും കുരുക്കില്ലാതെ കടക്കാം. ജില്ലയിലെ പടിഞ്ഞാറൻ മേഖലകളിലേക്കും എറണാകുളത്തേക്കുമുള്ള ഗതാഗതം സുഗമമാകും. റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രയിലെ കുരുക്കും ഒഴിയും.

ഇടുങ്ങിയ പാലവും കുപ്പിക്കഴുത്തു പോലുള്ള റോഡും തിരക്കേറിയ ജംഗ്ഷനുമുള്ള ദിവാൻജിമൂലയിൽ കൊവിഡ് പ്രതിരോധകാലത്തും ഏറെ തിരക്കായിരുന്നു. വർഷങ്ങളായി ഇഴഞ്ഞുനീങ്ങിയ നിർമ്മാണം രാഷ്ട്രീയക്കളികളിലും നിരവധി തവണ ഉടക്കി. റെയിൽവേയും കോർപറേഷനും തമ്മിലുള്ള തർക്കം കാരണം നിർമ്മാണം പലപ്പോഴും നിലച്ചു. മേൽപ്പാലം പണി സതേൺ റെയിൽവേ പൂർത്തീകരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അപ്രോച്ച് റോഡുകളുടെ നിർമാണത്തിൽ ഇടതുഭരണ സമിതി കാലതാമസം ഉണ്ടാക്കിയെന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രധാന ആരോപണം.

..........................

പാലം നിർമ്മാണത്തിന് കോർപറേഷൻ റെയിൽവേയ്ക്ക് നൽകിയത് : 6.34 കോടി രൂപ.

അനുബന്ധറോഡ് നിർമാണത്തിന് ചെലവിട്ടത്: 7.5 കോടി.

റോഡ് ടാറിടലിന് അനുവദിച്ചത്: 1.5 കോടി

ഭൂമി ഏറ്റെടുത്തത് ഉൾപ്പെടെ മൊത്തം ചെലവ്: 20 കോടി.

..............................

റോഡും കിടിലനാകും

അനുബന്ധ റോഡ് ടാറിടുന്നതിൻ്റെ ആദ്യഘട്ടം മാത്രമാണ് കഴിഞ്ഞത്. മഴ ഒഴിഞ്ഞാൽ റോഡ് ബി.എം. ആൻഡ്‌ ബി.സി. നിലവാരത്തിൽ ടാറിടാനുള്ള പണികൾ തുടങ്ങും. ചെലവ് കൂടുതലാണെങ്കിലും കൂടുതൽ കാലം തകരാതെ റോഡ് നിലനിൽക്കാൻ ഈ രീതി ഗുണകരമാണ്. അനുബന്ധ റോഡിൽ മെറ്റൽ വിരിച്ചതോടെയാണ് മേൽപ്പാലം വഴി പരീക്ഷണാടിസ്ഥാനത്തിൽ വാഹനം ഓടിത്തുടങ്ങിയത്.

..............

പാലത്തിൻ്റെ നിർമ്മാണം ഏതാണ്ട് മുഴുവനായും പൂർത്തിയായി. ഈ മാസം തന്നെ ഉദ്ഘാടനം നടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

അജിത ജയരാജൻ

മേയർ