തൃശൂർ : കൊവിഡ് ചന്തകളിലേക്ക് വ്യാപിച്ച് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ, നഷ്ടക്കണക്കുകളിൽ വലയുകയാണ് വ്യാപാരികൾ. ജീവനക്കാരിലും ഉടമകളിലും അതോടൊപ്പം സാധനം വാങ്ങാൻ വരുന്നവരിലും കൊവിഡ് രോഗം സ്ഥിരീകരിച്ചതോടെ വ്യാപാര സ്ഥാപനം അടച്ചിടേണ്ട അവസ്ഥയാണ്.
മാർക്കറ്റുകളിൽ കൊവിഡ് സ്ഥിരീകരിക്കുമ്പോൾ ഉണ്ടാകുന്ന നിയന്ത്രണം കൂടിയാകുമ്പോൾ വൻ നഷ്ടമാണ് സംഭവിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിലെ ജില്ലയിലെ പ്രധാന മാർക്കറ്റുകളായ ശക്തൻ, മത്സ്യ മാർക്കറ്റ്, ജയ് ഹിന്ദ് മാർക്കറ്റ് എന്നിവിടങ്ങൾ നിരവധി തവണയാണ് അടച്ചിട്ടത്.
ശക്തൻ മാർക്കറ്റിൽ ആയിരക്കണക്കിന് പേരാണ് കച്ചവടം നടത്തുന്നത്. സ്ഥിരം കടമുറികളിൽ കച്ചവടം നടത്തുന്നവർക്ക് പുറമേ ഫുട്പാത്തുകളിലും മറ്റും കടകളുടെ മുന്നിൽ ദിവസ വാടകയ്ക്ക് കച്ചവടം നടത്തുന്നവരും ഏറെ. കഴിഞ്ഞ ദിവസം ശക്തൻ മാർക്കറ്റിലെ ചുമട്ടു തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ പൊടുന്നനെയാണ് കട പൂട്ടേണ്ടി വന്നത്.
പച്ചക്കറികൾ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റാൻ അവസരം നൽകിയെങ്കിലും ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. പിന്നീട് മാർക്കറ്റിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതോടെ നിയന്ത്രണം കർശനമാക്കി. ഇനിയെന്ന് മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. മീൻ മാർക്കറ്റ് അണുനശീകരണത്തിന്റെ ഭാഗമായി ഇന്നലെ വരെ അടച്ചിട്ടിരിക്കുകയായിരുന്നു. ജയ് ഹിന്ദ് മാർക്കറ്റിലെ നിയന്ത്രണം നീക്കിയത് എതാനും ദിവസം മുമ്പാണ്.
കച്ചവടം നഗരത്തിന് പുറത്തേക്ക്
ശക്തൻ മാർക്കറ്റ് കൊവിഡിനെ തുടർന്ന് അടച്ചിട്ടതോടെ നഗരത്തിന് പുറത്ത് അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പച്ചക്കറി വണ്ടികളിൽ തന്നെ, മൊത്ത കച്ചവടക്കാർ സ്ഥിരമായി എടുക്കുന്ന കടകളിലേക്ക് പച്ചക്കറി കൊടുത്തു വിടുകയാണ്. പ്രധാനമായും ദേശീയപാതയിലെ മണ്ണുത്തി ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇറക്കിയാണ് കച്ചവടം നടത്തുന്നത്. ജില്ലയിലെ മറ്റ് ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന പച്ചക്കറി കച്ചവടം നടത്തുന്ന സഹകരണ സംഘം പച്ചക്കറികൾ മൊത്തമായി എടുത്ത് വിൽക്കുന്നുണ്ട്.
ശക്തൻ മാർക്കറ്റ്
കടകൾ 200
കടകൾക്ക് മുന്നിൽ കച്ചവടം ചെയ്യുന്നവർ 250
മാർക്കറ്റിന് പുറത്ത് ഫുട്പാത്ത് കച്ചവടം ചെയ്യുന്നവർ 100
രണ്ട് ദിവസം അണുനശീകരണം
മാർക്കറ്റിനുള്ളിലേക്ക് കൂടുതൽ പേർ കടക്കാതിരിക്കാൻ ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തി. കടയിൽ ഉടമയടക്കം മൂന്നു പേർ മാത്രമേ പാടുള്ളൂ. അമ്പത് വയസിന് മീതെ പ്രായമുള്ളവരെ ജോലിക്ക് നിറുത്തരുത്. ഇതിന് പുറമെ ആഴ്ചയിൽ രണ്ട് ദിവസം മാർക്കറ്റുകൾ അടച്ചിട്ട് അണുനശീകരണം നടത്തുകയും വേണം.
..........................
ഏറെ ആശങ്കയോടെയാണ് മാർക്കറ്റിൽ ജോലി ചെയ്യുന്നത്. ഇതിനിടയിൽ ഇടയ്ക്കിടെ കച്ചവടം നടത്താൻ സാധിക്കാത്ത അവസ്ഥ കൂടിയാകുമ്പോൾ പിടിച്ചു നിൽക്കാൻ പറ്റാത്ത അവസ്ഥയാണ്.
( ചന്ദ്രശേഖരൻ, ശക്തൻ മാർക്കറ്റിൽ കച്ചവടം നടത്തുന്നയാൾ)