തൃശൂർ: പുറം ലോകം കാണാതെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിൽ ഇരിക്കുന്നവരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ കൂട്ടായി പുസ്തകങ്ങളും. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യയാണ് ഇത്തരമൊരു ആശയം നടപ്പാക്കിയത്. വിവിധ സംഘടനകൾ വഴി ശേഖരിക്കുന്ന പുസ്തകങ്ങൾ സിറ്റി പരിധിയിലെ തൃശൂർ വനിതാ പൊലീസ് സ്റ്റേഷന് കീഴിലുള്ള ബുള്ളറ്റ് പെട്രോൾ ടീം വഴിയാണ് ആശയം പ്രാബല്യത്തിൽ എത്തിച്ചത്. അവർ നിത്യേന സന്ദർശിക്കുന്ന വീടുകളിൽ പുസ്തകങ്ങൾ വിതരണം ചെയ്യും.

ആവശ്യക്കാരുടെ താത്പര്യത്തിനനുസരിച്ച് പുസ്തകങ്ങൾ എത്തിക്കാനാണ് ശ്രമം. നിരീക്ഷണം കഴിഞ്ഞാലും പുസ്തകം അവർക്ക് സ്വന്തമായി എടുക്കാം. ദിവസവും 30 ഓളം നിരീക്ഷണ കേന്ദ്രങ്ങളാണ് ബുള്ളറ്റ് പെട്രോൾ ടീം സന്ദർശിക്കുന്നത്. വനിതാ സ്‌റ്റേഷിലെ ഏട്ട് പേരാണ് ദിവസവും നിരീക്ഷണ കേന്ദ്രങ്ങളിൽ എത്തുന്നത്. പുസ്തകം കൈമാറുന്നതിന്റെ ഉദ്ഘാടനം സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ വനിതാ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ: പി.വി. സിന്ധുവിന് കൈമാറി നിർവഹിച്ചു.