ചാലക്കുടി: മഴ കനക്കുമ്പോൾ ബൈജുവിനും കുടുംബത്തിനും ആധിയേറുകയാണ്. ചോരുന്ന മേൽക്കൂരയ്ക്കും മണ്ണ് കൊണ്ട് തേച്ച ചുമരിനും പ്ലാസ്റ്റിക് ഷീറ്റിനും ആയുസ് എത്രയെന്ന് അറിയില്ല. മഴവെള്ളവും കനാലിന്റെ ഉറവയും മൂലം ഷെഡിന്റെ ഉൾവശത്തും വെള്ളമുണ്ട്. അപകടഭീതിയിൽ രാത്രികളിൽ ഉറങ്ങാതെ മക്കൾക്ക് കാവലിരിക്കേണ്ട സ്ഥിതിയിലാണ് ബൈജുവും ഭാര്യ അജിതയും.
കോടശ്ശേരി പഞ്ചായത്തിലെ പതിനാലാം വാർഡിൽ കൂർക്കമറ്റത്ത് താമസിക്കുന്ന പറമ്പിക്കാട്ടിൽ ബൈജുവിന്റെ കുടുംബത്തിനാണ് ഈ ദുരവസ്ഥ. കുടുംബത്തിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്തതിനാൽ അജിതയുടെ വീട്ടുകാർക്ക് ആകെയുള്ള അഞ്ച് സെന്റ് സ്ഥലത്താണ് ബൈജുവും കുടുംബവും ഷെഡ് വച്ചിരിക്കുന്നത്. മക്കളായ വിഷ്ണുപ്രസാദ് എട്ടാം തരത്തിലും കൃഷ്ണപ്രിയ ഏഴാം ക്ലാസിലുമാണ് പഠിക്കുന്നത്.
വിണ്ടുകീറി ഏതുസമയത്തും വീഴാവുന്ന ചുമരുകൾ, പലയിടത്തും ഓട് ഇല്ലാത്തതിനാൽ ഷീറ്റ് കൊണ്ട് മറച്ച മേൽക്കൂര, തട്ടിയാൽ താഴെ വീഴുന്ന വാതിൽ... നാലംഗ കുടുംബം താമസിക്കുന്ന ഷെഡിന്റെ അവസ്ഥയാണിത്. 12 വർഷമായി ബൈജുവും കുടുംബവും ഈ വീട്ടിലാണ് താമസം. കിഡ്‌നി, ലിവർ രോഗി കൂടിയാണ് ബൈജു. ആഴ്ചയിൽ മരുന്നുകൾ വാങ്ങണമെങ്കിൽ ആയിരം രൂപയിൽ കൂടുതൽ വരും, അതിനാൽ കൃത്യമായി വാങ്ങാറില്ല.
ഡോക്ടർ ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇതുവരെ ചെയ്തിട്ടില്ല. ബാങ്കിൽ നിന്ന് വായ്പയെടുത്ത് വാങ്ങിയ ഓട്ടോറിക്ഷ ഓടിച്ച് കിട്ടുന്നതും അജിത കൂലിപ്പണിക്ക് പോയുമാണ് കുടുംബം പോറ്റുന്നത്. അസുഖം മൂലം ബൈജുവിന് ഓട്ടോ സ്ഥിരമായി ഓടിക്കാൻ കഴിയാറില്ല. അതിനാൽ ബാങ്ക് വായ്പയിലും കുടിശ്ശിക വന്നിട്ടുണ്ട്. ലോക് ഡൗൺ മൂലം കുടുംബത്തിന്റെ ഉള്ള വരുമാനം കൂടി നിലച്ചു.
മക്കളുടെ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങി നൽകാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. സ്വന്തമായി സ്ഥലം വാങ്ങി വീടു വയ്ക്കാനുള്ള സാമ്പത്തിക സ്ഥിതി ഈ കുടുംബത്തിന് ഇല്ല. പട്ടികജാതി വകുപ്പിൽ നിന്നും പഞ്ചായത്തിൽ നിന്നും കുടുംബത്തിന് സഹായം ലഭിച്ചില്ലെന്ന് കുടുംബം പരാതിപ്പെടുന്നു. ഭയാശങ്കകളില്ലാതെ താമസിക്കാൻ ഒരു വീട് എന്നതാണ് കുടുംബത്തിന്റെ ആഗ്രഹം.