കാഞ്ഞാണി: സാങ്കേതിക പ്രശ്നങ്ങൾ മൂലം സർക്കാരിൻ്റെ സഹായം നിഷേധിക്കപ്പെട്ട വയോധികയ്ക്ക് അടച്ചുറപ്പുള്ള വീടൊരുക്കി മണലൂർ കിഴക്ക് ജനകീയ കൂട്ടായ്മ. മണലൂർ പഞ്ചായത്തിലെ നാലാം വാർഡിലെ കാര്യാട്ട് തങ്കയ്ക്കാണ് (72) ഇടിഞ്ഞുപൊളിഞ്ഞ വീടിന് പകരം പുതിയ വീട് നിർമ്മിച്ച് നൽകിയത്. ഭർത്താവ് മരിച്ചിട്ട് 40 വർഷം കഴിഞ്ഞു. ഒരു മകനുള്ളത് അംഗ പരിമിതനാണ്. കൂട്ടുകുടുംബ സംവിധാനത്തിലെ അഴിയാകുരുക്കിൽ പെട്ട് സ്വന്തമായി റേഷൻ കാർഡുമില്ല. താമസിക്കുന്ന ഭൂമിയുടെ രേഖകളില്ല. സഹോദരൻ്റെ വീട്ടിലാണ് താമസിച്ചിരുന്നത്. കളിമണ്ണ് ചുമരുകളാൽ നിർമ്മിച്ച വീടിൻ്റെ മേൽക്കൂരയും പുറം ചുമരുകളും ഇതിനകം ഇടിഞ്ഞും ദ്രവിച്ചും കേട് വന്നു. ഏത് നിമിഷവും വീട് നിലം പൊത്തി തങ്കയും മകൻ ബിജുവും അപായപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് ബോധ്യപ്പെട്ടതോടെ സി.പി.എം മണലൂർ കിഴക്ക് ബ്രാഞ്ചിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ രൂപീകരിച്ചാണ് വീട് നിർമ്മിച്ചത്. പഞ്ചായത്ത് പ്രസിഡൻ്റ് വിജി ശശി വീടിൻ്റെ താക്കോൽദാനം നടത്തി. വാർഡ് അംഗം സീത ഗണേശ് അദ്ധ്യക്ഷയായി. ത്രിതല പഞ്ചായത്ത് അംഗങ്ങളായ സിജി മോഹൻദാസ്, ഷീബ മനോഹരൻ, എം.ആർ മോഹനൻ, റോബിൻ വടക്കേത്തല തുടങ്ങിയവർ സംസാരിച്ചു.