കയ്പമംഗലം: ആഗസ്റ്റ് മൂന്നിന് എറിയാട് പഞ്ചായത്തിലെയും കയ്പമംഗലം പഞ്ചായത്തിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രം കൂടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തുന്നതിന്റെ ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുമെന്ന് എം.എൽ.എ അറിയിച്ചു.

കയ്പമംഗലം മണ്ഡലത്തിൽ ഏഴ് പഞ്ചായത്തുകളിലെയും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തണമെന്ന ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എയുടെ അഭ്യർത്ഥനയെ തുടർന്നാണ് നടപടി. എടത്തിരുത്തി, ശ്രീനാരായണപുരം, എടവിലങ്ങ് എന്നീ പഞ്ചായത്തിലെ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണ പ്രവർത്തനം പൂർത്തിയാകുന്ന മുറയ്ക്ക് കുടുംബാരോഗ്യകേന്ദ്രമാക്കിയുള്ള പ്രഖ്യാപനമുണ്ടാകും.

നിലവിൽ മതിലകം പഞ്ചായത്തിലാണ് പുതുതായി കുടുംബാരോഗ്യ കേന്ദ്രം പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. ഇവിടെ മൂന്ന് ഡോക്ടർമാരുടെ സേവനം ഉള്ളതിനാൽ വൈകിട്ട് ആറിനാണ് ഒ.പി പ്രവർത്തിക്കുന്നത്. അത്യാവശ്യ ടെസ്റ്റുകളുടെ ലാബും പ്രവർത്തിക്കുന്നതിന് പുറമെ ഞായറാഴ്ചകളിലും ഉച്ചവരെ ഡോക്ടറുടെ സേവനം ഉള്ളതിനാൽ സാധാരണക്കാരായ തീരദേശവാസികൾക്ക് ഇത് ഏറെ ആശ്വാസമാണ്. കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതോടെ എല്ലാ കേന്ദ്രങ്ങളിലും ഇതേ സംവിധാനം നിലവിൽ വരുമെന്നും ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ. അറിയിച്ചു.