പുതുക്കാട്: അളഗപ്പനഗർ പഞ്ചായത്തിലെ വട്ടണാത്രയിലുള്ള 45കാരനായ കൃഷ്ണൻകുട്ടിക്ക് ഇനി സേവാഭാരതിയുടെ തണൽ. മനോനില തകരാറിലായ കൃഷ്ണൻകുട്ടിയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. സഹോദരിമാരുടെ വിവാഹം കഴിഞ്ഞതോടെ വൃദ്ധ മാതാവും കൃഷ്ണൻകുട്ടിയും മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. നാല് വർഷം മുൻപ് അമ്മ കൂടി മരിച്ചതോടെ നാട്ടുകാർ കൊടുക്കുന്ന ഭക്ഷണം മാത്രമായിരുന്നു ആശ്രയം.
അറ്റകുറ്റപ്പണി നടത്താത്തതിനെ തുടർന്ന് വീടിന്റെ ഓരോ ഭാഗങ്ങൾ തകർന്നു തുടങ്ങിയിരുന്നു. എത് നിമിഷവും നിലം പൊത്താവുന്ന വീടിന്റെ അവസ്ഥയും കൃഷ്ണൻകുട്ടിയുടെ ദയനീയാവസ്ഥയും പഞ്ചായത്ത് അധികൃതർ സേവാഭാരതി പ്രവർത്തകരുടെ ശ്രദ്ധയിൽപെടുത്തി. ബന്ധുക്കളുമായി ബന്ധപ്പെട്ടെങ്കിലും ആരും സംരക്ഷിക്കാൻ തയ്യാറായില്ല. ഇതോടെ സേവാഭാരതി സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.
തുടർന്ന് കൊല്ലത്തെ പുത്തൂരിൽ പ്രവർത്തിക്കുന്ന സേവാഭാരതിയുടെ സാന്ത്വനം സേവാ കേന്ദ്രത്തിൽ സംരക്ഷണം ഏർപ്പാടാക്കി. ഇന്നലെ സേവാഭാരതിയുടെ ആംബുലൻസിൽ കൃഷ്ണൻകുട്ടിയെ യാത്രഅയക്കാൻ പഞ്ചായത്ത് പ്രസിഡന്റ് കെ. രാജേശ്വരി, അംഗങ്ങളായ പ്രദീപ്, ഭാഗ്യവതി ചന്ദ്രൻ, ഹെൽത്ത് ഇൻസ്‌പെക്ടർ, സന്തോഷ് എന്നിവരും സേവാഭാരതി പ്രവർത്തകരും എത്തിയിരുന്നു.