മാള: കാട്ടിക്കരക്കുന്നിൽ സമ്പർക്കത്തിലൂടെ 21 പേർക്ക് കൊവിഡ് പൊസിറ്റീവായതോടെ ഈ മേഖല ക്ലസ്റ്ററാക്കി. 93 പേരുടെ ആൻ്റിജൻ പരിശോധനയിൽ രണ്ട് പേർ പൊസിറ്റീവായി. ഇതോടെ മൂന്ന് ദിവസങ്ങളിലായി 21 പേർക്കാണ് ആൻ്റിജൻ പരിശോധനയിൽ പൊസിറ്റീവായത്.

പൂമംഗലത്ത് ജോലി ചെയ്യുന്ന യുവതിക്കും ഭർത്താവിൻ്റെ അമ്മയ്ക്കുമാണ് ആദ്യം പൊസിറ്റീവായത്. മാളയിലെ കൊവിഡ് ബാധിതരുമായി ഇവർക്ക് സമ്പർക്കം ഇല്ലായിരുന്നു. പൂമംഗലത്തെ സമ്പർക്കത്തിലൂടെയാണ് പൊസിറ്റീവ് ആയതെന്നാണ് സംശയിക്കുന്നത്. പുതിയ ക്ലസ്റ്റർ രൂപപ്പെട്ടതോടെ കൂടുതൽ കൊവിഡ് പൊസിറ്റീവ് സ്ഥിരീകരിച്ച നെയ്തക്കുടി വാർഡിലെ കൊവിഡ് രോഗിയുമായി അടുത്ത സമ്പർക്കത്തിലുണ്ടായിരുന്നവരുടെ പരിശോധനാ ഫലം നെഗറ്റീവായത് ആശ്വാസമായി.

ഇനി കോട്ടവാതിൽ സ്വദേശിയുടെ അടുത്ത സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലം കൂടി ലഭിച്ചാൽ മാത്രമേ കണ്ടെയ്ൻമെൻ്റ് മേഖലയുടെ കാര്യത്തിൽ പുനരാലോചിക്കൂ.

കുഴൂരിലും അടുത്ത ദിവസങ്ങളിൽ ആൻ്റിജൻ പരിശോധന നടത്തും. അടുത്ത ദിവസങ്ങളിൽ മാള മേഖലയിൽ പൊതു സമ്പർക്കം കൂടുതലുള്ളവരുടെ ആൻ്റിജൻ പരിശോധന നടക്കും. പുത്തൻചിറ പഞ്ചായത്തിലെ കൊവിഡ് ബാധിതനായ വൈദിക വിദ്യാർത്ഥിയുടെ വീട്ടിലെ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

ഇതോടെ പുത്തൻചിറ പഞ്ചായത്തിൽ കൊവിഡ് ബാധിതരുടെ എണ്ണം 49 ആയി. ഇതിൽ 16 പേർ വിദേശത്ത് നിന്നും 6 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 27 പേർക്ക് സമ്പർക്കത്തിലൂടെയും കൊവിഡ് പൊസിറ്റീവ് ആയത്. ഇതിൽ 23 പേർ വിവിധ കൊവിഡ് ആശുപത്രികളിൽ ചികിത്സയിലാണ്. 26 പേർ രോഗമുക്തരായി.

പുത്തൻചിറ പഞ്ചായത്തിലെ 26 പേരുടെ ടെസ്റ്റ് നടത്തുന്നതിന് സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. ഇതുവരെ പുത്തൻചിറ പഞ്ചായത്തിൽ നിന്നും കൊവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 503 ആയി. ഇരിങ്ങാലക്കുട ക്ലസ്റ്ററിൽ നിന്ന് അന്നമനട സ്വദേശി 10 വയസുള്ള പെൺകുട്ടിക്ക് പൊസിറ്റീവായി.