ചാലക്കുടി: ചാലക്കുടിയിൽ ഞായറാഴ്ച 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ ന്യുമോണിയ ബാധിച്ച ഒരാളുടെ നില ഗുരുതരമാണ്. കൊവിഡ് സ്ഥിരീകരിച്ചവരിൽ ഏഴുപേർ നഗരസഭാ പരിധിയിലും മൂന്നുപേർ കോടശേരി പഞ്ചായത്തിൽപ്പെട്ടവരുമാണ്. കോടശേരിയിലെ ചെമ്പൻകുന്ന്, പൊന്നാമ്പിയോളി എന്നീ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കിയിട്ടുണ്ട്.

പോട്ട ആശ്രമം വാർഡിൽ വിദേശത്തു നിന്നെത്തി ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 42 കാരനെയാണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മൂന്നു ദിവസം മുമ്പായിരുന്നു ഇയാൾ സ്രവ പരിശോധനയ്ക്ക് വിധേയനായത്. വീട്ടിൽ കഴിഞ്ഞ ഇയാൾ ശനിയാഴ്ച രാത്രി അവശനിലയിലായി. താലൂക്ക് ആശുപത്രിയിലെത്തിച്ച യുവാവിനെ പിന്നീട് തൃശൂരിലേക്ക് മാറ്റി. ഇതിനിടെ കൊവിഡ് സ്ഥിരീകരിച്ചു. ഇപ്പോൾ പ്ലാസ്മ തെറാപ്പി നടത്തുകയാണ്. നേരത്തെ കൊവിഡ് കണ്ടെത്തിയ ചാലക്കുടി മാർക്കറ്റിലെ പലചരക്ക് കടയിലെ ജോലിക്കാരനായ 72കാരന്റെ മകനാണ്.

ഹൗസിംഗ് കോളനിയിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് കൊവിഡ് പോസിറ്റീവായി. കുടുംബത്തിലെ മാതാപിതാക്കൾ നാലു ദിവസം മുമ്പ് വൈറസ് ബാധിതരായിരുന്നു. ഇവരുടെ മകനും ഭാര്യക്കും രണ്ടു കുട്ടികൾക്കുമാണ് ഇപ്പോൾ രോഗമുണ്ടായത്. മണ്ണുത്തിയിൽ കഴിയുന്ന ഇവർക്ക് ചാലക്കുടിയുമായി കാര്യമായ സമ്പർക്കമില്ല.

നേരത്തെ രോഗം സ്ഥിരീകരിച്ച കൂടപ്പുഴയിലെ ബാങ്ക് ജീവനക്കാരിയുടെ ഭർത്താവിനും ഞായറാഴ്ച വൈറസ് കണ്ടെത്തി. വി.ആർ പുരത്ത് ഒരാൾക്കു കൂടി സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തി. കമ്മ്യൂണിറ്റി ഹാളിലെ വാച്ചറാണ്. ഇവിടെ നേരത്തെ രോഗ ബാധിതനായ നഗരസഭാ ജീവനക്കാരന്റെ സമ്പർക്കം മൂലമാണ് വൈറസ് ബാധയുണ്ടായതെന്നാണ് കരുതുന്നത്. കോടശേരിയിലെ താഴൂർ മൂന്നാം വാർഡിലും ചെമ്പൻകുന്നിലെ 10,11 വാർഡുകളിലുമാണ് പുതിയ രോഗികൾ. പൊന്നാമ്പിയോളിയിലെ കൊവിഡ് ബാധിതൻ വ്യാപകമായ സമ്പർക്കമുണ്ടാക്കിയെന്നാണ് വിവരം. ഇതുമൂലം വി.ആർ പുരത്തെ ക്ലസ്റ്ററാക്കി മാറ്റാൻ നടപടികൾ ആ രംഭിച്ചു.