പാവറട്ടി: മുല്ലശ്ശേരിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ കെ.എ. പാപ്പുവിനെ സി.പി.ഐ നേതാക്കൾ വീട്ടിലെത്തി ആദരിച്ചു. ദീർഘകാലം സി.പി.ഐ മണൽ പുഴ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പാപ്പു മേഖലയിൽ കർഷകത്തൊഴിലാളി സംഘടന കെട്ടിപ്പടുക്കുന്നതിന് നേതൃത്വം നൽകി. നിരവധി സമരങ്ങളിൽ പങ്കെടുത്ത പാപ്പു അവസാനമായി പങ്കെടുത്തത് സെക്രട്ടേറിയറ്റ് വളയൽ രാപ്പകൽ സമരത്തിലാണ്.

സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് പാപ്പുവിനെ പൊന്നാട ചാർത്തി ആദരിച്ചു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, വി.കെ. രവീന്ദ്രൻ, ജെന്നി ജോസഫ്, വിവേക് വെളിവാലത്ത്, ചന്ദ്രകലാ മനോജ്, എം.ജി രജീഷ്, വി.പി. ജിബീഷ് എന്നിവർ സംസാരിച്ചു.