തളിക്കുളം: വിദ്യാർത്ഥികൾക്ക് ഓൺലൈൻ സൗകര്യം പൂർണമായും ഒരുക്കുന്നതിനായി തളിക്കുളം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് എംപീസ് എഡ്യുകെയർ പദ്ധതി പ്രകാരം ടി.വികൾ നൽകി.
ടി.വി ഇല്ലാത്തവർക്കും ടി.വി പ്രവർത്തനരഹിതമായവർക്കുമാണ് വിതരണം ചെയ്തത്
32 ഇഞ്ച് എൽ.ഇ.ഡിയുടെ 10 ടി.വികളാണ് വിദ്യാർത്ഥികൾക്ക് ടി.എൻ. പ്രതാപൻ എം.പി സമ്മാനിച്ചത്.
ഇതോടെ എംപീസ് എഡ്യുകെയർ പദ്ധതി പ്രകാരം ഒന്നാം ഘട്ടത്തിൽ 1100 ടി.വി നൽകാൻ കഴിഞ്ഞതായി എം.പി പറഞ്ഞു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് മെമ്പർ പി.എസ്. സുൽഫിക്കർ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് അംഗങ്ങളായ പി.ഐ. ഷൗക്കത്തലി, സുമന ജോഷി, തളിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എ. അബ്ദുൾ ഗഫൂർ, കുടുംബശ്രീ ചെയർ പേഴ്‌സൺ അജന്ത ശിവരാമൻ തുടങ്ങിയവർ സംബന്ധിച്ചു. ഭാഗികമായി തകരാറിലായ ടി.വികൾ എംപീസ് എഡ്യുകെയർ പദ്ധതി പ്രകാരം റിപ്പയർ ചെയ്തു കൊടുക്കുമെന്നും എം.പി പറഞ്ഞു.