കൊടുങ്ങല്ലൂർ : കേന്ദ്ര സർക്കാറിന്റെ പദ്ധതികൾ പേരുമാറ്റി നടപ്പിലാക്കി നഗരസഭ പേരെടുക്കുകയാണെന്ന് ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
എല്ലാവർക്കും വാസയോഗ്യമായ ഭവനം എന്ന പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ ) പദ്ധതിയുടെ ഭാഗമായി മുൻസിപ്പാലിറ്റിയിലും കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിരുന്നു. നഗരസഭയിൽ 1149 വീടുകൾ അനുവദിച്ചു. ഇത്തരത്തിൽ ആയിരക്കണക്കിന് പേർക്ക് നൽകിയ സ്വച്ഛ് ഭാരത് ടോയ്‌ലെറ്റുകൾ, മാലിന്യ നിർമ്മാർജ്ജനത്തിന് കേന്ദ്രം നൽകിയ ഫണ്ടുകളല്ലാതെ എടുത്ത് പറയാൻ നഗരസഭയിൽ ഒന്നുമില്ലെന്നും ആരോപിച്ചു. കേന്ദ്ര പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതി വരെ നടപ്പിലാക്കാതെ സാധാരണക്കാർക്ക് ലഭിക്കുന്ന ആനുകൂല്യം തടസപ്പെടുത്തുകയും ചെയ്യുന്ന ഇവരുടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനായുള്ള ജനവഞ്ചന തിരിച്ചറിയണമെന്നും ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മറ്റി പ്രസിഡന്റ് കെ.എസ്. വിനോദ് പറഞ്ഞു. യോഗത്തിൽ എൽ.കെ. മനോജ്, കെ.ആർ വിദ്യാസാഗർ തുടങ്ങിയവർ പങ്കെടുത്തു.