തൃശൂർ: രാജ്യമെങ്ങും ഖ്യാതിനേടിയ ചികിത്സാ പാരമ്പര്യം, ചികിത്സാ വിധികളിലെ ശാസ്ത്രീയത, രോഗനിവാരണസിദ്ധി... ആയുർവേദത്തിലെ പരമോന്നത അംഗീകാരമായ വൈദ്യരത്‌നം ബഹുമതി തൈക്കാട്ട് ഇല്ലം തേടിയെത്തിയതിന് കാരണങ്ങളേറെ ഉണ്ടായിരുന്നു. ബറോഡ മഹാരാജാവാണ് അഷ്ടവൈദ്യൻ ഇ.ടി. നാരായണൻ മൂസിന് ബഹുമതി പ്രഖ്യാപിച്ചത്. സമ്മാനിച്ചത് ചക്രവർത്തിയുടെ പ്രതിപുരുഷനായ വൈസ്രോയി റീഡിംഗ് പ്രഭുവും. 1924 ജൂൺ മൂന്നിന് തൃശൂർ സി.എം.എസ് ഹൈസ്‌കൂളിൽ വച്ച് സമർപ്പിച്ച ആ പുരസ്‌കാരത്തിന്റെ ദീപപ്രഭ, നൂറ്റൊന്ന് ആവർത്തിച്ച് കർമ്മവഴികളിൽ പരത്തുകയായിരുന്നു മുത്തച്ഛന്റെ പേരുകാരനായ കൊച്ചുമകൻ ഇ.ടി. നാരായണൻ മൂസ്.
ആയിരം പൂർണ ചന്ദ്രന്മാരെ കണ്ടുവെന്നതിലല്ല, ആറുപതിറ്റാണ്ടിലേറെക്കാലം പതിനായിരങ്ങൾക്ക് ചികിത്സയും മരുന്നും നൽകാനായതിലാണ് തന്റെ സംതൃപ്തിയെന്ന് പറഞ്ഞ അഷ്ടവൈദ്യൻ. രോഗത്തെയല്ല, രോഗിയെയാണ് ചികിത്സിച്ചതെന്ന് അടിവരയിട്ട ചികിത്സകൻ. പച്ചമരുന്നുകളും വനവിഭവങ്ങളും കിട്ടാത്തതും കർശന നിയമങ്ങളും ഔഷധ നിർമാണത്തിന് വെല്ലുവിളിയാകുന്നുവെന്ന് നിരന്തതരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്ന ഔഷധനിർമ്മാതാവ്... അതെല്ലാമായിരുന്നു നാരായണൻ മൂസ്.
തൈക്കാട്ടുശേരി എളേടത്ത് തൈക്കാട്ടില്ലം പെരുവനം ഗ്രാമത്തിലെ അഷ്ടവൈദ്യ കുടുംബമായിരുന്നു. ഐതിഹ്യമാല മുതൽ മലയാളികൾ കേട്ടുപരിചയിച്ച, നൂറ്റാണ്ടുകളുടെ പഴക്കമുളള അഷ്ടവൈദ്യകുടുംബം. അതുകൊണ്ടു തന്നെ ചെറുപ്പത്തിലെ നാരായണൻ മൂസ് ആയുർവേദവും സംസ്‌കൃതവും പഠിക്കാനായി. സ്‌കൂൾ വിദ്യാഭ്യാസമുണ്ടായില്ല. സംസ്‌കൃതം പഠിച്ചത് സംസ്‌കൃത പണ്ഡിതനായ ടി.വി. രാമവാര്യരിൽ നിന്നായിരുന്നു. രാമവാര്യരായിരുന്നു അറിവിന്റെ ലോകത്തേക്ക് പിടിച്ചുയർത്തിയതും. ആയുർവേദം പഠിക്കുന്നത് മുത്തച്ഛൻ വൈദ്യരത്‌നം നാരായണൻ മൂസ്സിൽ നിന്നാണ്. പിന്നെ അച്ഛൻ നീലകണ്ഠൻ മൂസും ഗുരുനാഥനായി. ചെറുശേരി നാരായണയ്യരും സുബ്രഹ്മണ്യയ്യരും ഇംഗ്‌ളീഷ് പഠിപ്പിച്ചു. മുളങ്ങിൽ വാര്യത്ത് കൃഷ്ണവാര്യരും ഡി. ശ്രീമാൻ നമ്പൂതിരിയും സംസ്‌കൃതത്തോടൊപ്പം ഹിന്ദിയും പഠിപ്പിച്ചു. പൈങ്കുളം രാമച്ചാക്യാരായിരുന്നു മറ്റൊരു ഗുരു.
ഏഴുവർഷക്കാലം നീണ്ട വൈദ്യപഠനം കഴിഞ്ഞ് സംവത്സര ഭജനത്തിലായിരുന്നു അദ്ദേഹം. രാവിലെ അഷ്ടാംഗഹൃദയപാരായണം, വൈകിട്ട് ദേവീമാഹാത്മ്യപാരായണവും. അങ്ങനെയാണ് ഈ അഷ്ടവൈദ്യൻ പിറക്കുന്നത്.
അച്ഛൻ നീലകണ്ഠൻ മൂസാണ് വൈദ്യരത്‌നം ഔഷധശാല തുടങ്ങുന്നത്,1940ലെ വിജയദശമിദിനത്തിൽ. ഇല്ലത്തെ ഊട്ടുപുരയിലായിരുന്നു മരുന്നുണ്ടാക്കിയിരുന്നത്. ബൃഹന്നയോപായം, തങ്കശ്രീഘൃതം, നയോപായം ലേഹ്യം, അമൃതരസായനം, അഗ്‌നിദ്രാവകം, മേഹാരിദ്രാവകം തുടങ്ങി അമ്പതോളം ഔഷധങ്ങൾ എളേടത്തു തൈക്കാട്ടു കുടുംബത്തിന്റെ സംഭാവനയായി ആയുർവേദലോകത്തിന് സമർപ്പിച്ചു. പഞ്ചാരവിന്ദചൂർണ്ണവും നാരായണൻ മൂസിന്റെ അനുഭവത്തിൽ നിന്ന് നിർമ്മിച്ചതാണ്. ഔഷധശാലയും നഴ്‌സിംഗ് ഹോമും ഗവേഷണകേന്ദ്രവും കോളേജുമെല്ലാം പ്രശസ്തിയുടെ കൊടുമുടിയിലെത്തിയത് അദ്ദേഹത്തിലൂടെയായിരുന്നു. ആ ദീപശിഖ കൈയിലേന്തി മക്കളായ അഷ്ടവൈദ്യൻമാരായ ഡോ. ഇ.ടി. നീലകണ്ഠൻ മൂസും ഇ.ടി.പരമേശ്വരൻ മൂസും അവരുടെ മക്കളായ കൃഷ്ണൻമൂസും യദുനാരായണൻ മൂസും നിലകൊളളുന്നുണ്ട്.
വിശ്വാസവും പ്രാർത്ഥനയും പ്രയത്‌നവും ഗുരുപൂജയും അച്ഛനമ്മമാരിൽ നിന്നും പിതാമഹരിൽ നിന്നുമുളള അനുഗ്രഹവും എല്ലാത്തിനേക്കാൾ മുകളിലായി തൈക്കാട്ടുശ്ശേരി ഭഗവതിയോടുളള ഭക്തിയും ചേർന്നതാണ് നാരായണൻ മൂസ്സെന്ന വൈദ്യനെന്ന് ജീവിതം കൊണ്ട് ഓർമ്മിപ്പിച്ചാണ് ഈ മഹാവൈദ്യന്റെ യാത്ര...