whats
whats app,l

തൃശൂർ: ഇ മെയിലിനും ഫേസ്ബുക്കിനും പിന്നാലെ വാട്സ് ആപ് അക്കൗണ്ടുകളും ഹാക്ക് ചെയ്ത് ദുരുപയോഗം ചെയ്യുന്നതായി സൈബർ സെല്ലുകളിൽ വ്യാപക പരാതി. പലരുടെയും ഡിസ്പ്ലേ പിക്ചർ (ഡി.പി) ഹാക്കർമാർ മാറ്റി അന്യസംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും നമ്പറുകളിലേക്ക് അശ്ലീല ചിത്രങ്ങളും വെബ്സൈറ്റുകളുടെ ലിങ്കുകളും വ്യാപകമായി അയക്കുകയും ചെയ്യുന്നതായാണ് പറയുന്നത്.

വാട്സ് ആപിൽ രജിസ്ട്രേഷൻ റിക്വസ്റ്റ് അയച്ച ശേഷമാണ് ഹാക്കിംഗ്.

ഹാക്ക് ചെയ്യപ്പെട്ട നമ്പർ ഉൾപ്പെട്ട വാട്സ് ആപ് ഗ്രൂപ്പുകളിലും ഇത്തരം സന്ദേശം നിറഞ്ഞതായും പരാതികളുണ്ട്. സുഹൃത്തുക്കളും മറ്റും ഫോണിൽ വിളിച്ച് പറയുമ്പോഴാണ് പലരും വാട്സ് ആപ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത വിവരം അറിയുന്നത്. വാട്സ് ആപ് അപ്ഡേഷൻ നടത്താതിരിക്കുന്നതും സുരക്ഷാ മുൻകരുതലുകൾ എടുക്കാത്തതുമാണ് തട്ടിപ്പിന് ഹാക്കർമാർക്ക് അവസരമൊരുക്കുന്നതെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

കഴിഞ്ഞ ദിവസം ഒരു അദ്ധ്യാപികയും ഹാക്കർമാരുടെ വലയിൽ പെട്ടതായി വാട്സ് ആപിൽ സന്ദേശം പ്രചരിച്ചിരുന്നു. ഇതേത്തുടർന്നാണ് പലരും കൂടുതൽ പരാതിപ്പെടാൻ തുടങ്ങിയത്. എങ്ങനെ സുരക്ഷിതമായി വാട്സ് ആപ് ഉപയോഗിക്കാമെന്ന് അറിയാനും പലരും സൈബർ സെല്ലിനെ സമീപിക്കുന്നുണ്ട്. കൊവിഡ് കാലത്ത് സാമൂഹിക മാദ്ധ്യമങ്ങളുടെ ഉപയോഗം കൂടുന്നത് മുതലെടുത്തുള്ള തട്ടിപ്പുകൾ കൂടുകയാണ്. ഇത്തരത്തിലുള്ള പരാതികൾ വർദ്ധിച്ചതോടെ പൊലീസ് തന്നെ മുന്നറിയിപ്പുമായി രംഗത്തെത്തി. ഫേസ് ബുക്കിൽ കൊടുത്ത നമ്പർ ഉപയോഗിച്ചാണ് ഹാക്കിംഗ് നടത്തുന്നതെന്നാണ് സംശയിക്കുന്നത്.

സുരക്ഷാ മുൻകരുതലുകൾ

ഹാക്കിംഗ് ഒഴിവാക്കാൻ ഉപഭോക്താക്കൾ ടൂ സ്റ്റെപ് വെരിഫിക്കേഷൻ എ നേബിൾ ചെയ്യണം.

വാട്സ് ആപിലെ സെറ്റിംഗ്സിൽ ടു സ്റ്റെപ് വെരിഫിക്കേഷൻ വഴി സെക്യൂരിറ്റി പിൻ നമ്പറും ഇ - മെയിലും ചേർക്കണം.

ഫോണുകളും വാട്സ് ആപും കൃത്യസമയങ്ങളിൽ അപ്ഡേറ്റ് ചെയ്യണം

ചതിക്കുഴികൾ അറിയാൻ

ഡോക്യുമെൻ്ററി

സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ചതിയും കുറ്റകൃത്യങ്ങളും വ്യാപകമാകുമ്പോൾ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെ മറനീക്കുന്ന സൈബർ ട്രാപ്പ് എന്ന ഡോക്യുമെൻ്ററിയുമായി ബോധവത്കരണത്തിലാണ് സംവിധായകൻ എം.ജെ അനൂപ്. യു ട്യൂബിൽ 46,000 പേർ ഏതാനും മാസങ്ങൾക്കുള്ളിൽ കണ്ടുകഴിഞ്ഞു. ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിൽ നിന്ന് വ്യത്യസ്തമായി സിനിമയെന്ന് തോന്നിപ്പിക്കുന്ന സങ്കേതങ്ങളിലൂടെയാണ് അരമണിക്കൂർ ദൈർഘ്യമുള്ള ചിത്രം തയ്യാറാക്കിയത്. ഡി.ഐ.ജി സഞ്ജയ് കുമാർ, ഡോ. പാട്ടത്തിൽ ധന്യമേനോൻ, മുൻ കണ്ണൂർ കളക്ർ മിർ മുഹമ്മദലി തുടങ്ങിയ പൊലീസുദ്യോഗസ്ഥരും സ്വകാര്യ കുറ്റാന്വേഷകരും പ്രശസ്ത മനശാസ്ത്രജ്ഞരും ചിത്രത്തിലുണ്ട്. നടൻമാരായ നിവിൻ പോളിയുടെയും ഇന്ദ്രജിത്തിന്റെയും ഉണ്ണിമുകുന്ദന്റെയും ഫേസ് ബുക്ക് പേജിലൂടെയായിരുന്നു പ്രചാരണം. വാടാനപ്പള്ളി ഗണേശമംഗലം സ്വദേശിയായ അനൂപ് മുംബയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്‌ സംവിധാനത്തിൽ ഡിപ്ലോമ പൂർത്തിയാക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയത്.

ഡോക്യുമെൻ്റി കാണാം: https://youtu.be/TWhLlDXMszY