വാടാനപ്പിള്ളി: ഏങ്ങണ്ടിയൂർ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. സംസ്ഥാനതലത്തിൽ ക്രമപ്പെടുത്തിയ 102 കുടുംബാരോഗ്യകേന്ദ്രങ്ങളുടെ ഓൺലൈൻ ഉദ്ഘാടനചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ ശൈലജടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഏങ്ങണ്ടിയൂരിൽ നടന്ന പ്രാദേശിക ചടങ്ങിൽ കെ.വി അബ്ദുൾ ഖാദർ എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ജ്യോതിലാൽ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇന്ദിര സുധീർ, ഓമന ബാലൻ, സിന്ധു സന്തോഷ്, അംഗങ്ങൾ, പാലിയേറ്റീവ് പ്രവർത്തകൻ റൗഫ് ചേറ്റുവ, ടെക്‌നിക്കൽ അസി. വിജയകുമാർ കെ, ഹെൽത്ത് സൂപ്രവൈസർ ടി.എസ് സുബ്രഹ്മണ്യൻ, ഹെൽത്ത് ഇൻസ്‌പെക്ടർ എ. അബ്ദുൾ ജബ്ബാർ, മെഡിക്കൽ ഓഫീസർ ഡോ ടി.എസ് ജയജ് എന്നിവർ സംസാരിച്ചു. താത്കാലിക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പ്രാഥമികാരോഗ്യകന്ദ്രത്തിന് നാട്ടുകാരാണ് സ്ഥലം സംഭാവനയായി നൽകിയത്. ഗുരുവായൂർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 90 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. തുടർന്ന് ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ആരോഗ്യ കേരളത്തിന്റെ 15 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ തനതു ഫണ്ടും വിനിയോഗിച്ച് നവീകരണ പ്രവർത്തനങ്ങളും പൂർത്തിയാക്കുകയായിരുന്നു.