തൃശൂർ : കൊവിഡ് ബാധിച്ച് മരിച്ച വൃദ്ധന്റെ മൃതദേഹം സംസ്‌കരിക്കാൻ കഴിയാതെ നാലു ദിവസമായി മുളങ്കുന്നത്ത്കാവ് മോർച്ചറിയിൽ. വീട്ടിലെ മറ്റുള്ളവർക്കും കൊവിഡ് ബാധിച്ച് ആശുപത്രിയിലായതോടെയാണ് മൃതദേഹം സംസ്‌കരിക്കാൻ സാധിക്കാതെ വന്നത്.
പാലക്കാട് ഓങ്ങല്ലൂർ സ്വദേശിയായ എൺപതുകാരനാണ് നാലു ദിവസം മുമ്പ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. ഇയാളുടെ ബന്ധുക്കളായ മൂന്നു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതിനിടയിലാണ് ഇയാളെ മെഡിക്കൽ കോളേജിലെ കൊവിഡ് വാർഡിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തി മണിക്കൂറുകൾക്കുള്ളിൽ ഇദ്ദേഹം മരണമടഞ്ഞു. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. മൃതദേഹം ഏറ്റുവാങ്ങി സംസ്‌കരിക്കാൻ സാധിക്കാതെ വന്നതോടെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം നടത്തുന്നതിനായി തൃശൂർ കളക്ടറും പാലക്കാട് ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെട്ടു.
പാലക്കാട് കളക്ടർ മരിച്ചയാളുകളുടെ ബന്ധുക്കളുമായി സംസാരിച്ചപ്പോൾ മൃതദേഹം തൃശൂരിലെ എതെങ്കിലും പൊതു ശ്മശാനത്തിൽ സംസ്‌കരിക്കണമെന്ന് അഭ്യർത്ഥിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അവണൂർ പഞ്ചായത്ത് അധികൃതർക്ക് ജില്ലാ കളക്ടറും ഡി.എം.ഒയും നിർദ്ദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകരാണ് സുരക്ഷാ മാനദണ്ഡം പാലിച്ച് ഇന്ന് സംസ്‌കാരം നടത്തുമെന്നാണ് അറിയുന്നത്.
മെഡിക്കൽ കോളേജിലെ അനാട്ടമി
വിഭാഗത്തിലെ ഡോക്ടർക്ക് കൊവിഡ്
തൃശൂർ : മെഡിക്കൽ കോളേജിൽ വീണ്ടും ഡോക്ടർക്ക് കൊവിഡ്. നിരവധി പേർ സമ്പർക്ക പട്ടികയിൽ. അനാട്ടമി വിഭാഗത്തിലെ ഡോക്ടർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശുപത്രി വിഭാഗവുമായി സമ്പർക്കം ഇല്ലാതിരുന്നത് ആശ്വാസമായി.
അനാട്ടമി വിഭാഗത്തിൽ നാലു പേരുമായി സമ്പർക്കം പുലർത്തിയിട്ടുള്ള ഡോക്ടർ കാന്റീനിൽ ചായ കുടിക്കാനും പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടവരോട് നീരീക്ഷണത്തിൽ പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 29 നാണ് ഇയാൾ അനാട്ടമി വിഭാഗത്തിൽ ലക്ചററായി ചാർജ്ജെടുത്തത്.