ചാലക്കുടി: ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചിട്ടിട്ട് പത്തു ദിവസം പിന്നിട്ടു. ഇനിയെന്ന് സർവീസ് തുടങ്ങുമെന്ന കാര്യത്തിലും വ്യക്തതയില്ല. നൂറുകണക്കിന് യാത്രക്കാരാണ് ഇതുമൂലം നട്ടം തിരിയുന്നത്.

സംസ്ഥാനത്ത് പല ഡിപ്പോകളും അടച്ചിരുന്നുവെങ്കിലും മൂന്നോ നാലോ ദിവസത്തിനകം വീണ്ടും പ്രവർത്തിച്ചു തുടങ്ങിയിരുന്നു. സമ്പർക്കുള്ളവരെ ആന്റിജൻ ടെസ്റ്റ് നടത്തിയ ശേഷം ജോലിക്ക് കയറ്റുകയാണ് എല്ലായിടത്തും ചെയ്തത്. എന്നാൽ ഇവിടെ മൂന്നൂറോളം പേരെ ഇതിനകം പരിശോധിച്ചെങ്കിലും ഇവരെയെല്ലാം 14 ദിവസം നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്.

ഡി.ടി.ഒ, സൂപ്രണ്ട് എന്നിവരും സ്വയം നിരീക്ഷണത്തിലാണ്. ഇതോടെ ഡിപ്പോയിൽ കാവൽക്കാരൻ മാത്രമായി. സ്വാബ് ടെസ്റ്റ് നടത്തിയ സ്‌റ്റേഷൻ മാസ്റ്റർക്കും പൊസിറ്റീവായിട്ടുണ്ട്. നേരത്തെ നാലു ജീവനക്കാർക്കായിരുന്നു രോഗബാധ. 35 ബസുകളാണ് ഡിപ്പോയിൽ നിന്നും സർവീസ് നടത്തുന്നത്. ഇതിൽ പതിനെട്ടും ഓർഡനറിയാണ്.

സ്വകാര്യ ബസുകൾ സർവീസുകൾ നാമമാത്രമായ അവസ്ഥയിൽ കെ.എസ്.ആർ.ടി.സി ബസുകളായിരുന്നു ഉൾപ്രദേശത്തുള്ളവരുടെ ആശ്രയം. തൃശൂർ, എറണാകുളം ഭാഗങ്ങളിലേക്കുള്ള യാത്രക്കാരും ദുരിതത്തിലാണ്. ഹൈവേയിൽ സ്റ്റോപ്പുണ്ടെങ്കിലും ദീർഘ ദൂര ബസുകൾ പലപ്പോഴും നിറുത്താതെ പോകുന്നുവെന്നാണ് പരാതി.