പുതുക്കാട്: പുതുക്കാട് ഗ്രാമപഞ്ചായത്തിന്റെ നെല്ലറയായ ഉഴിഞ്ഞാൽ പാടത്ത് പുതുതായി 35 എച്ച്.പിയുടെ വെർട്ടിക്കൽ മോട്ടോർ സ്ഥാപിച്ചതോടെ ഇരുപ്പൂ കൃഷി നടത്താൻ സാധിക്കുമോയെന്ന് കാത്തിരിക്കുകയാണ് കർഷകർ. നേരത്തെ മുണ്ടകൻ കൃഷി ഇറക്കിയാൽ പുഞ്ചക്കൃഷി കൂടി നടത്താമെന്നാണ് കർഷകരുടെ പ്രതീക്ഷ.
പാടശേഖരത്തിന്റെ മൂന്ന് ഭാഗവും ഉയർന്ന പ്രദേശങ്ങളാണ്. പാടശേഖരത്തിന് മദ്ധ്യത്തിലൂടെ പടിഞ്ഞാറോട്ട് ഒഴുകുന്ന തോടിന്റെ പടിഞ്ഞാറ് മറവാഞ്ചേരിയിലുള്ള പമ്പ് ഹൗസും സ്ലൂയിസുമാണ് പാടത്തെ വെള്ളം നിയന്ത്രിക്കുന്നത്. കുറുമാലി പുഴയിൽ ചേരുന്ന തോട്ടിൽ സ്ഥാപിച്ച സ്ലൂയീസ് വഴി പുഴയിലേക്ക് വെള്ളം തുറന്നു വിടാനും ജലസേചനത്തിന് പുഴയിൽ നിന്നും വെള്ളം പാടശേഖരത്ത് എത്തിക്കാനും കഴിയും.
വർഷങ്ങൾക്ക് മുമ്പ് പെട്ടിയും പറയുമായിരുന്നു വെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിച്ചിരുന്നത്. അക്കാലത്ത് ഇരുപ്പൂകൃഷി നടന്നിരുന്നു. അറ്റകുറ്റപ്പണി നടക്കാതായതോടെയും നെൽക്കൃഷി ലാഭകരമല്ലാത്ത അവസ്ഥയും വന്നതോടെ പതിനഞ്ചു വർഷത്തോളം ഉഴിഞ്ഞാൽ പാടം തരിശു കിടന്നു. ഈസമയം കർഷകർക്ക് മോഹവില നൽകി കളിമണ്ണ് മാഫിയ പാടശേഖരത്തിന്റെ ഭൂരിഭാഗവും കൈവശപ്പെടുത്തി.
എന്നാൽ യഥാർത്ഥ നെൽക്കർഷകരുടെ ചെറുത്ത് നിൽപ്പ് മൂലം കളിമൺ ഖനനത്തിന് കഴിഞ്ഞില്ല. പുതുക്കാട്ടുകാരനായ പി.പി. ജോർജ്ജ് സംസ്ഥാന കൃഷി മന്ത്രിയായതോടെ അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ മോട്ടോറുകൾ സ്ഥാപിച്ചതോടെ ഉഴിഞ്ഞാൽ പാടം വീണ്ടും കതിരണിഞ്ഞു. പാടശേഖരത്തിന്റെ മദ്ധ്യഭാഗത്തെ വെള്ളം വറ്റിക്കാൻ സാധിക്കാത്തതിനാൽ ഇപ്പോഴും കൃഷി ഇറക്കാൻ സാധിക്കുന്നില്ല.
വിനയായി സ്ലൂയീസിന്റെ നവീകരണം
നാലു വർഷം മുമ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്ലൂയിസ് പുതുക്കി നിർമ്മിച്ചതിൽ സംഭവിച്ച അപാകത വീണ്ടും കർഷകർക്ക് വിനയായി. പഴയ സ്ലൂയിസിനേക്കാൾ ഉയർത്തിയായിരുന്നു നിർമ്മാണം. ഇതോടെ സ്വാഭാവിക നീരൊഴുക്ക് തടസപ്പെട്ടു.
പുതിയ വെർട്ടിക്കൽ മോട്ടോറും ഒരു മീറ്ററിലേറെ താഴ്ത്തി സ്ഥാപിച്ചാൽ മാത്രമാണ് പാടശേഖരത്തിലെ വെള്ളം പൂർണ്ണമായും ഒഴുക്കിക്കളയാൻ സാധിക്കൂവെന്നാണ് കർഷകരുടെ ആവശ്യം. വേനലിൽ മോട്ടോർ താഴ്ത്തിവയ്ക്കാമെന്നാണ് കരാറുകാരനും ബ്ലോക്ക് പഞ്ചായത്ത് അധികൃതരും കർഷകർക്ക് നൽകിയ ഉറപ്പ്.
ബ്ലോക്ക് പഞ്ചായത്ത് അംഗം, ഷാജു കാളിയേങ്കരയുടെ പരിശ്രമഫലമായാണ് വെർട്ടിക്കൽ മോട്ടോറിന് തുക വകയിരുത്തിയതും മോട്ടോർ സ്ഥാപിക്കാനായതും. പാടത്തിന് നടുവിലൂടെയുള്ള തോട് ആഴം കൂട്ടുകയും തോടിന് ഒരു വശത്ത് ബണ്ട് റോഡ് നിർമ്മിക്കുകയും ചെയ്താൽ കർഷകർക്ക് കൂടുതൽ ഉപകാരപ്പെടുമെന്നും കർഷകർ പറയുന്നു.
ഊഞ്ഞാൽ പാടം ഉഴിഞ്ഞാൽ പാടമായി
പാടത്തിന്റെ നടുഭാഗം താഴ്ന്നും രണ്ട് ഭാഗങ്ങൾ ഉയർന്നും സ്ഥിതി ചെയ്യുന്നതുകൊണ്ടാകാം പാടത്തിന് ഊഞ്ഞാൽ പാടം എന്നും പിന്നീട് ഉഴിഞ്ഞാൽ പാടം എന്ന് പേര് ലഭിച്ചതെന്നാണ് വിശ്വാസം.