ചാലക്കുടി: തൃശൂർ ജനറൽ ആശുപത്രിയിലെ കൊവിഡ് വാർഡിൽ ചെറുപുഞ്ചിരിയോടെ രോഗികൾക്ക് പരിചരണവും സാന്ത്വനവുമായി ഇരട്ട സഹോദരികളായ നേഴ്സുമാർ. കോടശ്ശേരി പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിൽ മാരാംങ്കോട് കർഷകനായ കല്ലുമട വിജയന്റേയും ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സായ സതി വിജയന്റെയും മക്കളായ കൃപയും കാവ്യയുമാണ് ഈ മാലാഖമാർ.
മികച്ച വിജയത്തോടെ നഴ്‌സിഗ് പഠനം പൂർത്തിയാക്കി 2020 ഫെബ്രുവരിയിലാണ് നഴ്‌സിംഗ് നാഷണൽ ഹെൽത്ത് മിഷൻ വഴി ഇരുവരും ജോലിക്കുകയറിയത്. ഒരു മാസം ജനറൽ വിഭാഗത്തിൽ ജോലി ചെയ്തു. അതിനിടയിലാണ് കൊവിഡ് 19 പടരാൻ തുടങ്ങിയത്. തുടർന്ന് സഹോദരിമാർ ഒരുമിച്ച് കൊവിഡ് ചികിത്സാ പരിചരണ കേന്ദ്രത്തിലേക്ക് മാറി. അന്നു മുതൽ ഇന്നുവരെ ഇരുവരും കൊവിഡ് ഐസ്വലേഷൻ വാർഡിലും ഒ.പിയിലും ജോലി ചെയ്തു വരുന്നു. കൊവിഡ് രോഗികളോട് സമൂഹം വിവേചനം കാണിക്കുമ്പോഴും സ്വന്തം ജീവൻ പണയം വച്ച് രോഗികളെ പരിചരിക്കുകയാണ് ഇരുവരും.
ഡ്യൂട്ടിക്ക് കയറുന്നതും ഇറങ്ങുന്നതും തിരിച്ച് ജോലിക്ക് പോകുന്നതെല്ലാം ഒരുമിച്ച് തന്നെയാണ്. ആശുപത്രിയിലെ ജോലിത്തിരക്കിനിടയിലും
ആശ്വാസത്തിനായും ശകാരിക്കുന്നതിനും വിഷമങ്ങൾ പറയുന്നതിനും മറ്റും രോഗികൾ വിളിക്കും. അതെല്ലാം ചെറുപുഞ്ചിരിയോടു നേരിടുകയും അവർക്കെല്ലാം ആശ്വാസം നൽകുക കൂടി ചെയ്യുകയാണ് ഈ സഹോദരിമാർ.
വളരെ ചെറുപ്പത്തിൽ തന്നെ നഴ്‌സ് ആകണമെന്നായിരുന്നു ഇരുവരുടെയും ആഗ്രഹം. അമ്മയും നഴ്‌സാണ്. ചേച്ചി കൃഷ്ണയും നഴ്‌സാണ്. സജിത് ആണ് കൃഷ്ണയുടെ ഭർത്താവ്. കൊവിഡ് വാർഡിലെ ജോലി ആദ്യം വീട്ടുകാർക്ക് ആശങ്കയായിരുന്നു. പിന്നീട് അത് മാറിയെന്ന് കൃപയും കാവ്യയും പറയുന്നു.