വെള്ളാങ്ങല്ലൂർ : കരൂപ്പടന്ന കേന്ദ്രീകരിച്ച് പുതിയ പൊലീസ് സ്റ്റേഷനായുള്ള പ്രദേശവാസികളുടെ കാത്തിരിപ്പ് നീളുന്നു. പുതിയ പൊലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യത്തിന് കഴിഞ്ഞ ബഡ്ജറ്റുകളിൽ സ്ഥാനം പിടിക്കാനായില്ല. നിലവിൽ 13 വില്ലേജുകളും, ഇരിങ്ങാലക്കുട നഗരസഭയും, വെള്ളാങ്ങല്ലൂർ പഞ്ചായത്തും, വേളൂക്കര, മുരിയാട് പഞ്ചായത്തുകളുടെ ഭൂരിഭാഗം പ്രദേശങ്ങളും ഉൾപ്പെട്ട വിശാലമായ പ്രദേശം ഉൾക്കൊള്ളുന്നതാണ് ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷൻ പരിധി.
കാട്ടുങ്ങച്ചിറയിലുള്ള പൊലീസ് സ്റ്റേഷനിൽ നിന്നും തെക്കേ അതിർത്തിയായ കരൂപ്പടന്ന പാലം ഭാഗത്തേക്ക് 13 കിലോമീറ്റർ ദൂരമുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ഇവിടേക്ക് പൊലീസിന് എത്തിച്ചേരുക എളുപ്പമല്ല. നേരത്തെ കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കോണത്തുകുന്ന് മനക്കലപ്പടിയിൽ പൊലീസ് സ്റ്റേഷനായി വാടക വീട്ടിൽ ലോക്കപ്പ് അടക്കമുള്ള സൗകര്യം ഒരുക്കിയെങ്കിലും പിന്നീട് മാറിമാറി വന്ന ഇതുവരെയുള്ള സർക്കാരുകൾ അതിനു വേണ്ടത്ര പരിഗണന നൽകിയില്ല.
മുസ്‌രിസ് പദ്ധതിയുടെ ഭാഗമായി അംഗീകരിക്കപ്പെട്ടിട്ടുള്ള വെള്ളാങ്ങല്ലൂരിലെ കരൂപ്പടന്ന പഴയ മാർക്കറ്റ് പ്രദേശത്ത് ബ്രിട്ടീഷ് ഭരണകാലത്ത് പൊലീസ് ഔട്ട്‌പോസ്റ്റും ക്വാർട്ടേഴ്‌സുകളും നിലനിന്നിരുന്ന അമ്പതു സെന്റോളം വരുന്ന സ്ഥലം ഉപയോഗപ്പെടുത്തി സ്റ്റേഷൻ അനുവദിക്കണമെന്ന ആവശ്യം ശക്തമായി.