വാടാനപ്പള്ളി: ആശങ്കയുടെ ഒരാഴ്ചയിൽനിന്ന് തീരദേശത്തിന് ആശ്വാസത്തിന്റെ വാർത്ത. കൊവിഡ് ബാധിതരായ രണ്ടു പേരുടെ സമ്പർക്കപ്പട്ടികയിലെ എല്ലാവരുടെയും പരിശോധനാ ഫലം നെഗറ്റീവ്. കഴിഞ്ഞ 30ന് കോവിഡ് സ്ഥിരീകരിച്ച വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ റൈറ്റർ, തൃശൂർ ശക്തനിൽ ജ്യൂസ് സ്റ്റാൾ നടത്തുന്ന വാടാനപ്പള്ളി സ്വദേശി എന്നിവരുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. ഇന്നലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ വാടാനപ്പള്ളി കരുണ ആശുപത്രി കെട്ടിടത്തിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് ഫലം അറിഞ്ഞത്. കഴിഞ്ഞ 28 നാണ് പൊലീസുകാരൻ അവസാനമായി സ്റ്റേഷനിൽ ഡ്യൂട്ടിക്ക് ഹാജരായത്. തുടർന്ന് പനി ബാധിച്ച് ചികിത്സ തേടുകയും അവധിയിൽ പോവുകയുമായിരുന്നു.
വാടാനപ്പള്ളി, അന്തിക്കാട് സ്റ്റേഷനുകളിൽനിന്നായി 44 പൊലീസുകാർ, വാടാനപ്പള്ളി വില്ലേജ് ഓഫീസറും രണ്ട് ജീവനക്കാരും, തൃത്തല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലേയും സ്വകാര്യ ക്ലിനിക്കിലേയും ഓരോ ഡോക്ടർമാർ, നാല് ആശാ പ്രവർത്തകർ, ശക്തൻ സ്റ്റാൻഡിൽ നിന്ന് കൊവിഡ് ബാധിച്ചയാളുടെ ബന്ധുക്കളായ പന്ത്രണ്ട് പേർ ഉൾപ്പെടെ 65 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. വാടാനപ്പള്ളി ഹെൽത്ത് ഇൻസ്‌പെക്ടർ ഗോപകുമാർ നേതൃത്വം നൽകി.