photo
ഡ്രോൺ നിരീക്ഷണം

മാള: മാള പഞ്ചായത്തിലെ കാട്ടിക്കരക്കുന്ന് ക്ലസ്റ്റർ മേഖലയിൽ വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങിയവർക്കെതിരെ പൊലീസ് കേസെടുത്തു. വൈകീട്ട് നാല് വരെ 51 പേർക്കെതിരെയാണ് പെറ്റികേസ് എടുത്തത്. അപ്പോളോ ടയേഴ്‌സിൽ ജോലിക്ക് പോയ ഫൈസലിനെതിരെ മാള സി.ഐ. സജിൻ ശശി കേസെടുത്തു. ക്ലസ്റ്റർ മേഖലയിൽ പൊലീസ് പിക്കറ്റ് കർശനമാക്കി. ഈ മേഖലയിൽ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവർക്ക് അവശ്യ സേവനങ്ങൾക്കായി പൊലീസിന്റെ സേവനം ആവശ്യപ്പെടാവുന്നതാണ്. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പു വരുത്താൻ ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും ആർ.ആർ.ടി സന്നദ്ധ പ്രവർത്തകരും പൊലീസും സൗകര്യം ഒരുക്കിയിട്ടുണ്ട്. ക്ലസ്റ്റർ മേഖലയിലെ സുരക്ഷയും നിരീക്ഷണങ്ങളും നിയന്ത്രണങ്ങളും വിലയിരുത്താൻ തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ്, ഡിവൈ.എസ്.പി. സി.ആർ. സന്തോഷ് എന്നിവർ സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് ഡ്രോൺ നിരീക്ഷണം നടത്തി. ആവശ്യമായ ബോധവത്കരണവും കൗൺസിലിംഗും നൽകാനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാനും വൈദ്യസഹായം ഒരുക്കാനും സ്ഥലം സന്ദർശിച്ച വി.ആർ. സുനിൽകുമാർ എം.എൽ.എ നിർദേശം നൽകി. വ്യാപനം ഇല്ലാത്ത മേഖലകളിൽ കർശന നിയന്ത്രണം ഒഴിവാക്കണമെന്ന് എം.എൽ.എ യുടെ നേതൃത്വത്തിൽ നടന്ന യോഗം നിർദേശിച്ചു.