danger-pits
അപകടക്കുഴികൾ.

ചാവക്കാട്: കാലവർഷം ശക്തമായതോടെ ദേശീയപാത തകർന്നു തുടങ്ങി. ചാവക്കാട് ചേറ്റുവ ദേശീയപാതയിലാണ് റോഡ് തകർന്നിട്ടുള്ളത്. നഗരമദ്ധ്യത്തിലെ അറവുശാലയുടെ മുൻവശത്തുള്ള കുഴിയിൽ ദിനംപ്രതി വാഹനങ്ങൾ ചാടി അപകടം പതിവാകുന്നുണ്ട്. ഇവിടെ റോഡിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് മഴവെള്ളം നിറഞ്ഞ നിലയിലാണ്.

വെള്ളം നിറഞ്ഞ കുഴികളിൽ ബൈക്കുകളും ഓട്ടോറിക്ഷകളും ചാടിയാണ് ഏറെയും അപകടം ഉണ്ടാകുന്നത്. നിരവധി ബൈക്കുകൾ ദിവസവും കുഴികളിൽ വീണ് അപകടങ്ങൾ പതിവാകുന്നുണ്ട്. ടാറിട്ട് പുതുക്കിയ ദേശീയപാതയാണ് വീണ്ടും തകർന്നു കൊണ്ടിരിക്കുന്നത്. ഏറ്റവും തിരക്കേറിയ ഈ റോഡിൽ ഗതാഗതക്കുരുക്കും രൂക്ഷമായി. മഴ ശക്തമായാൽ റോഡ് വീണ്ടും തകരുമെന്ന ഭീതിയിലാണ് ജനങ്ങൾ.