കാഞ്ഞാണി: രാജേശ്വരിക്കും മകൻ വൈശാഖിനും ചാഴൂർ പഞ്ചായത്തിൽ മൂന്നാം വാർഡിൽ അന്തിക്കാട് ബ്ലോക്കിന്റെ പത്തു സെന്റ് ഭൂമിയിൽ വീടൊരുങ്ങുന്നു. കാരമുക്ക് വടക്കേടത്തു പറമ്പിൽ രാജേശ്വരിയുടെയും മകന്റെയും ദയനീയകഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി അടിയന്തരമായി ഇടപെടുകയായിരുന്നു.
രാജേശ്വരിക്കും മകനും ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂമിയിൽ വീടൊരുക്കാൻ തീരുമാനിച്ചത് പത്രസമ്മേളനത്തിൽ ഔദ്യോഗികമായി പ്രഖ്യാപനം നടത്തി. നാല് വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂർ തെരുവോരങ്ങളിൽ അന്തിയുറങ്ങിയിരുന്ന അമ്മയ്ക്കും മകനും മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് കണ്ടശ്ശാംകടവ് മാമ്പുള്ളി റോഡിൽ താത്കാലികമായി ഫ്ലാറ്റ് വാടയ്ക്കെടുത്തു കൊടുത്തിരുന്നു.
വാടക കൊടുക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഉടമ ഒഴിയണമെന്ന് ആവശ്യപ്പെട്ടതോടെയാണ് ഇവരുടെ ദയനീയകഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തത്. ജില്ലാ കളക്ടറുടെ പിന്തുണയോടെയാണ്, അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി വീടൊരുക്കാൻ മുൻകൈയെടുത്തത്. ഇതേ സ്ഥലത്ത് അവിണിശ്ശേരി പഞ്ചായത്തിൽ നാൽപതു വർഷമായി അച്ചമ്മയുടെ കൂടെ പുറമ്പോക്കിൽ താമസിക്കുന്ന തുമ്പിയെന്ന് വിളിക്കുന്ന നിവേദ്യയ്ക്കും ബ്ലോക്ക് പഞ്ചായത്തിന്റെ പത്തു സെന്റ് ഭൂമിയിൽ വീടൊരുക്കുന്നുണ്ട്. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മജ്‌ലീസ് ചാരിറ്റബിൾ ട്രസ്റ്റാണ് രാജേശ്വരിക്കും മകനും നിവേദ്യയ്ക്കും വീട് നിർമ്മിച്ചു നൽകുന്നതെന്ന് പത്രസമ്മേളനത്തിൽ പ്രസിഡന്റ് പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി. എൽ ജോസ്, ചാഴൂർ ബ്ലോക്ക് മെമ്പർ സിജിൽ ലാൽ പത്രസമ്മേളനത്തിൽ പങ്കെടുത്തു.